മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അത് പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നുവെന്ന കാര്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ടു യുവാക്കളെ പിടികൂടിയതോടെ സംസ്ഥാനത്തെ സൈബര്‍ പോലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് ചില ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. ആക്ടിലെ കരിനിയമങ്ങളാണ് ഇത് പ്രാബല്യത്തില്‍ വരുന്നതിന് കാലതാമസമുണ്ടാക്കിയത്.
ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഐ.ടി. ആക്ടിലെ (ഭേദഗതി) 66-ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേഡുകള്‍ പെടുന്നത്. നേരത്തേ, കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന ഈ സെക്ഷനില്‍ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. '...കമ്പ്യൂട്ടറോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ഹാനികരമോ, വെറുപ്പുളവാക്കുന്നതോ, അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതും...' കുറ്റകരമാണെന്നാണ് 66-എ ഉപവകുപ്പ് പറയുന്നത്. ഈ നിയമമനുസരിച്ചാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, നാമറിയാതെ ഫോര്‍വേഡ് ചെയ്യുന്ന ആപല്‍ക്കരമായ സന്ദേശങ്ങള്‍ നമുക്ക് തന്നെ വിനയായി വരുന്നത്. മൂന്നുവര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. 66-ബി ഉപവകുപ്പിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.
'...ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്...' മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്.
69-ാം സെക്ഷനില്‍ കൂട്ടിച്ചേര്‍ത്ത ഉപവകുപ്പുകളനുസരിച്ച്, നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ, സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ സ്വകാര്യ ഇ-മെയിലോ എസ്.എം.എസ്സോ, മറ്റ് കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്‌ട്രേട്ടിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതുമാണ്.
ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.
No comments:
Post a Comment