ഹൊ. പണ്ട് ബോണ്ട് ചേട്ടന്‍റെ ഒരു പടം കാണാന്‍ പോയി. നമ്മള്‍ മൂന്നു നാല് സാധാരണക്കാര്‍ ... എന്ന് വച്ചാല്‍ ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാത്തവര്‍ നഗരത്തിലെ മുന്തിയ തീയറ്ററില്‍ പോയി. പടം കാണാന്‍ രസമുണ്ടാകാന്‍ വേണ്ടി അഞ്ചു പത്തു പാക്കറ്റ് പോപ്പ് കോര്ന്‍, കൊക്ക കോള ഒക്കെ വാങ്ങി. ബോണ്ടിനെ ആദ്യം കാണാന്‍ വേണ്ടി മുന്നിലത്തെ സീറ്റില്‍ ആണിരിക്കുന്നത്. നമ്മള്‍ കണ്ടതിന്റെ പൊട്ടും പൊടിയും മാത്രമെ പുറകില്‍ ഇരിക്കുന്നവന്മാര്‍ക്ക് കാണാന്‍ കിട്ടു.. hmm. നമ്മളോടാ കളി. ചുമ്മാതല്ല പൈസ ചൊള ചൊള പോലെ എണ്ണി കൊടുത്തത്...
ഒടുവില്‍ വിളക്കുകളണഞ്ഞു. കര്‍ട്ടന്‍ പൊങ്ങി. ഇപ്പൊ തുടങ്ങും. നമ്മള്‍ റെഡി ആയി. അപ്പോഴതാ വരുന്നു പരസ്യം. ബാങ്ങളൂരിലെ സ്വര്‍ണ കടകളുടെയും ജൗളി കടകളുടെയും ഒക്കെ പരസ്യം തുരു തുരാ വരുന്നു... അത് കഴിഞ്ഞപ്പോ ന്യൂ രിലീസെസ് കാണിച്ചു തുടങ്ങി. ഇനി എത്ര നേരം കാത്തിരിക്കണം ബോന്ടെട്ടനെ കാണാന്‍. ക്ഷമ നശിച്ചു തുടങ്ങി.
എല്ലാം കഴിഞ്ഞു . പടം തുടങ്ങി. സെന്‍സര്‍ ബോര്‍ഡിന്‍റെ ആള്‍ക്കാര്‍ തുല്യം ചാര്‍ത്തിയ കേരള സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ ഒരെണ്ണം കാണിച്ചു. എന്താ ബോണ്ട് വരാത്തതെന്ന് പുറകില്‍ ഇരിക്കുന്ന കുട്ടികള്‍ ചോദിക്കുന്നത് കേള്‍ക്കാം. ഹൊ. ഇവന്മാരുടെ ഒരു തൊലിക്കട്ടി. ബോണ്ടിന്റെ അഴിഞ്ഞാട്ടം കാണാം കൊച്ചു കുട്ടികളുമായി ഒക്കെ വന്നിരിക്കുന്നു. ഇങ്ങനൊക്കെ ആലോചിച്ചു ഞാന്‍ സീറ്റില്‍ ഒട്ടി ഇരിക്കുകയാണ്. അപ്പോഴതാ വരുന്നു ഒരു കാര്‍. ബോണ്ട് അതും ഓടിച്ചു വരുന്നു. അതിന്റെ പുറകില്‍ ഒരു ജാഥക്കുള്ള ആള്‍ക്കാര്‍ തോക്കുമായി വരുന്നുണ്ട്. എന്താണ് സ്ക്രീനില്‍ നടക്കുന്നതെന്ന് അറിയണമെങ്കില്‍ ഇടതു നിന്നു വലത്തേക്ക് ഒരു പാനിംഗ് നടത്തണം. വല്ല വിധേനയും കാര്യം പിടികിട്ടി. ബോണ്ടിനെ പിടിക്കാന്‍ വില്ലന്മാര്‍ വരുന്നത. ബോണ്ട് ആരാ മോന്‍. കണ്ട കാട്ടിലും കുളത്തിലും ആകാശത്ത് കൂടിയുമൊക്കെ കാര്‍ ഓടിക്കുക. അതിനിടക്ക് ചൂടു വെള്ളം വായില്‍ ഒഴിച്ചിട്ടു നമ്മള്‍ നിലവിളിക്കുന്ന പോലെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തിരിക്കുന്ന ആള്‍ക്കാര്‍ അത് കേട്ടു കയ്യടിക്കുന്നുമുണ്ട്. എന്ത് കുന്തമോ. നാണക്കേടല്ലേ എന്ന് കരുതി ഞാനും അടിച്ചു. പക്ഷെ അപ്പൊ ബാകിയുള്ളവര്‍ അടി നിര്‍ത്തിയ സമയമായതു കൊണ്ടു എല്ലാരും എന്നെ നോക്കി. കയ്യടിച്ചത് ഞാനല്ല എന്ന ഭാവത്തില്‍ ഞാന്‍ വെറുതെ ഇരുന്നു. സ്ക്രീനില്‍ ബോണ്ട് തകര്‍ക്കുകയാണ്. ഒടുവില്‍ ഒരു തീരുമാനമായി. വില്ലന്മാരുടെ നടുവോടിച്ചിട്ടു ബോണ്ട് തന്‍റെ കാര്‍ ഒരു മൂലയ്ക്ക് ഒതുക്കി. അതാ വരുന്നു ഒരു അമ്മച്ചി. ഇവരെ മുമ്പ് ചില ബോണ്ട് പടങ്ങളില്‍ കണ്ടു ചെറിയ പരിചയമുണ്ട്. അവര്‍ വന്നപാടെ ബോണ്ടിനെ കുറെ തെറി വിളിച്ചു. നമ്മുടെ ഷാജി കൈലാസ് പടങ്ങളില്‍ സാക്ഷിയെ ഷിറ്റ് ഗോപി വെടി വച്ചു കൊല്ലുമ്പോള്‍ മന്ത്രിമാര്‍ വിളിക്കുന്ന അതെ തെറി. അത് കേട്ടിട്ട് എന്റെ അടുത് കുഞ്ഞി ഉടുപ്പിട്ടിരുന്ന പെണ്ണ് ആകെ ഫീല്‍ ആയി അവളുടെ അപ്പുറത്തിരിക്കുന്ന മുടി നീട്ടി വളര്‍ത്തിയ അവനോടു എന്തൊക്കെയോ പറഞ്ഞു. അപ്പുറത്ത് ബോണ്ട് ചേട്ടനും ആകെ ഫീല്‍ ആയി നിക്കുകയാണ്. അങ്ങേരെ ആ അമ്മച്ചി ഇല്ലാത്ത കാര്യത്തിനാണ് വഴക്ക് പറഞ്ഞതെന്ന് തോന്നുന്നു.
ഇതിനിടക്ക് സ്ക്രീനില്‍ ചില പേരുകളൊക്കെ എഴുതി കാണിക്കുന്നുണ്ട്. ആദ്യം ഒരു പേരു കാണിച്ചു. ഞാന്‍ കരുതി അതിലെ നടന്മാരുടെയും നടികളുടെയും ഒക്കെ പേരായിരിക്കും എന്ന്. ഒരു പേരു കാണിച്ചാല്‍ പിന്നെ പത്തിരുപതു മിനിട്ട് കഴിഞ്ഞാണ് അടുത്ത പേരു കാണിക്കുന്നത്. ഒടുവില്‍ ഒരു പേരു കാണിച്ചപ്പോ അടുത്തിരുന്നവള്‍ അലറി വിളിക്കുന്നത് കേട്ടപ്പോഴാ പിടി കിട്ടിയത് അത് ഒരു സ്ഥലത്തിന്‍റെ പേരായിരുന്നു എന്ന്. ലവള്‍ അവിടൊക്കെ പോയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഒരു കച്ചറ സ്ഥലം. ബോണ്ട് എങ്ങനെയോ ഒരു ബോട്ട് സംഘടിപ്പിച്ചു കടലിലിറങ്ങി. പോകുന്ന പോക്ക് കണ്ടപ്പോ ഞാന്‍ കരുതി പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതാണെന്ന്. പിന്നല്ലേ പിടികിട്ടിയത്. ടാര്‍ പാട്ടയില്‍ വീണത് പോലുള്ള നമ്മുടെ നായികയെ രക്ഷിക്കാനാണ് ബോണ്ട് കടലില്‍ ചാടിയതെന്ന്.
കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അച്ഛന്കുഞ്ഞും പളനിയും പണ്ടു ചെമ്മീന്‍ സിനിമയില്‍ വള്ളം കൊണ്ടു മല്‍സരിക്കുന്ന പോലെ ബോണ്ടും വില്ലന്മാരും ആ കടല്‍ എടുത്തു തിരിച്ചു വച്ചു. അസഹ്യമായ ശബ്ദ കോലാഹലം. ഒടുവില്‍ ബോണ്ട് വല്ല വിധേനയും അവളെ രക്ഷിച്ചു കരക്കടുപ്പിച്ചു. പാവം ബോണ്ട്. അയാളെ ഒന്നു വിശ്രമിക്കാന്‍ പോലും നമ്മുടെ വില്ലന്‍ സമ്മതിച്ചില്ല. അവിടുന്നും ഓടിച്ചു. ബോണ്ട് ദാ കിടക്കുന്നു മരുഭൂമിയില്‍. ആ പെണ്ണിനേയും കൊണ്ടു അവിടെ ഒക്കെ ഒന്നു ചുറ്റി തിരിഞ്ഞു നോക്കി. അതാ ഒരു പ്ലെയിന്‍ കിടക്കുന്നു. അതിനടുത്ത് ഒരു ഷെഡ്. ആരാണാവോ ഈ മരുഭൂമിയില്‍ ഈ സര്‍വീസ് നടത്തുന്നത്. തമ്പുരാനറിയാം. ബോണ്ട് വിമാനത്തിന്‍റെ അടുത്തേക്ക് നടന്നു. ഞാന്‍ കരുതി അത് ഒരു ടാക്സി ആയിരിക്കും എന്ന്. എവിടെ. ബോണ്ട് അതില്‍ കയറി ഗിയര്‍ ഒക്കെ മാറ്റി പുല്ലു പോലെ ഓടിച്ചു തുടങ്ങി. ഒരു പഴയ വിമാനമായത് കൊണ്ടു കണ്ട്രോള്‍ പാനല്‍ എല്ലാം പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. ഒരു വസ്തു മനസ്സിലാകാതെ ബോണ്ട് അതും ഇതും ഒക്കെ തിരിച്ചു നോക്കി. അതാ വരുന്നു വില്ലന്‍. ഒടുവില്‍ ബോണ്ടിന്റെ പഴഞ്ചന്‍ വിമാനവും മറ്റവന്മാരുടെ പുതിയ വിമാനവും തമ്മില്‍ ആകാശ യുദ്ധം. അവിടെയും ഇവിടെയും ഒക്കെ ബോംബ്. ഒരു ബോംബ്. രണ്ടു ബോംബ്. ... ഹാവൂ. എന്റമ്മേ . ഒടുവില്‍ എങ്ങനെയോ ബോണ്ട് താഴെ എത്തി. പിന്നെ ഒരു യുദ്ധമായിരുന്നു.പ്രപഞ്ചം നിരപ്പാകുന്ന യുദ്ധം. ഒടുവില്‍ ബോണ്ട് തന്നെ ജയിചു. എല്ലാരും എഴുനേറ്റു നിന്നു കയ്യടിക്കുന്നത് കണ്ടപ്പോഴാണ് അന്തിമ വിജയം ബോണ്ടിന് തന്നെ എന്ന് പുടി കിട്ടിയത്. ഞാനും വിട്ടില്ല. തുരു തുരെ കയ്യടിച്ചു. ബോണ്ട് ചേട്ടന്‍ നീണാള്‍ വാഴട്ടെ...
Gr8 Machu Adipoli
ReplyDeleteKidilam :-)
ReplyDelete