മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Tuesday, 13 April 2010

യിതു സംഗതി പൊളപ്പന്‍ തന്നെ

കേരളത്തിന്‍റെ പല സ്ഥലങ്ങളില്‍ നിന്ന് വരുന്ന മലയാളി പ്രവാസികള്‍ക്ക് വേണ്ടി ...വായിച്ചു മനസിലാക്കികോണം അല്ലാതെ
ഇനി ഇത് എന്തുവാ അത് എന്തുന്വ എന്ന് ചോദിച്ചു വന്നെക്കരുത് ..വന്നാല്‍ ...


ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്‌കാരിക നായകനോട്‌ ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച്‌ അഭിമുഖകാരന്‍ ചോദിക്കുന്നു. എങ്ങനെയുണ്ട്‌ സാര്‍ പുസ്‌തകം? സാംസ്‌കാരികത്തിന്റെ മറുപടി. ''സംഗതി അടിപാളി''

അഭിമുഖം കണ്ട പലരും മൂക്കത്ത്‌ വിരല്‍ വച്ചു. ശബ്‌ദതാരാവലിയിലെ പദസഞ്ചയത്തില്‍ നിന്നു പോലും തെരഞ്ഞെടുക്കപ്പെട്ട ആഢ്യപദങ്ങള്‍ മാത്രം പ്രയോഗിച്ച്‌ ശീലിച്ച സാക്ഷാല്‍ സാംസ്‌കാരികമാണ്‌ അടിപൊളിയെന്ന്‌ ഉരുവിടുന്നത്‌. മലയാളിയുടെ പൊതുശീലങ്ങളില്‍ നിന്ന്‌ അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും മാറിനില്‍ക്കാനാവില്ലെന്ന്‌ വ്യംഗ്യം. വാസ്‌തവത്തില്‍ ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളീയ സമൂഹത്തിലെ നിത്യജീവിതത്തില്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന വാക്കാണ്‌ അടിപൊളി.എസ്‌.എം.എസ്‌.സന്ദേശങ്ങള്‍ അടക്കം ഇതിന്‌ തെളിവാകുന്നു.സമുഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അടിപൊളിയുടെ വക്‌താക്കളായി മാറുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വാക്കിന്റെ ശരിയായ അര്‍ത്ഥമെന്നോ ഏത്‌ സാഹചര്യത്തിലാണ്‌ ഉപയോഗിക്കേണ്ടതെന്നതോ സംബന്ധിച്ച്‌ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.

''അളിയാ ഇന്നലത്തെ പാര്‍ട്ടി അടിപൊളി''എന്ന്‌ പറഞ്ഞാല്‍ തലേന്നത്തെ ഡിന്നര്‍ നന്നായി,ഗംഭീരമായി അഥവാ ഉഗ്രനായിരുന്നെന്ന്‌ വ്യാഖ്യാനിക്കാം. ''ഞായറാഴ്‌ച നമുക്ക്‌ ഒന്ന്‌ അടിച്ചൂപൊളിക്കണം''എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഞായറാഴ്‌ച ആഘോഷിക്കണമെന്നാണ്‌.അപ്പോള്‍ സാന്ദര്‍ഭികമായി അടിപൊളിയുടെ അര്‍ത്ഥം മാറിക്കൊണ്ടേയിരിക്കുന്നു. കൃത്യമായ ധാരണയോടെ നിര്‍മ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്‌ത വാക്കല്ലാത്തതു കൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌.

ഇതൊക്കെയാണെങ്കിലും അടിപൊളിയുടെ ഉത്ഭവത്തെക്കുറിച്ച്‌ അവ്യക്‌തതകള്‍ നിലനില്‍ക്കുന്നു.ആദ്യമായി ഈ വാക്ക്‌ ഉപയോഗിച്ചത്‌ ആരാണെന്നോ ഏത്‌ നാട്ടിലാണെന്നോ ആര്‍ക്കും അറിയില്ല. ഇന്ന്‌ അഛനും മക്കളും ഉള്‍പ്പെടുന്ന കുടുംബസദസുകളില്‍ പോലും പരസ്യമായി 'അടിച്ചുപൊളി' എന്ന വാക്ക്‌ ഉപയോഗിക്കപ്പെടുന്നു.യഥാര്‍ത്ഥത്തില്‍ സഭ്യേതരമായ ഒരു വ്യംഗ്യാര്‍ത്ഥം കൂടി ഇതിനുണ്ടെന്ന്‌ പലരും തിരിച്ചറിയുന്നില്ല.

തറ...തറ...കൂതറ..!

തറ എന്ന വാക്കിന്‌ നിലം എന്നാണ്‌ സാമാന്യഗതിയില്‍ പ്രചാരത്തിലുള്ള അര്‍ത്ഥം. 'അവന്‍ ആള്‌ തറയാണ്‌' എന്നു പറഞ്ഞാല്‍ വളരെ താഴ്‌ന്ന നിലവാരം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലും സാധാരണ സംസാരത്തില്‍ ഈ വാക്ക്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ നാലു പടി കൂടി കടന്ന്‌ തറയെ കൂതറയാക്കിയിരിക്കുകയാണ്‌ പുതിയ തലമുറയും ചില സിനിമാക്കാരും ചേര്‍ന്ന്‌. കൂതറയെന്നാല്‍ മാക്‌സിമം അഥവാ പരമാവധി തറയെന്ന്‌ വിവക്ഷ. മ്മൂട്ടി നായകനായി വന്‍ ഹിറ്റായ 'രാജമാണിക്യം' സിനിമയിലൂടെ നടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ ഈ പ്രയോഗത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത്‌.

ഇപ്പോള്‍ പുതിയ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം മുതല്‍ പല പ്രായക്കാരായ മലയാളികള്‍ ഒന്നടങ്കം 'കൂതറ'യെ സ്‌നേഹപുര്‍വം ഏറ്റെടുത്തിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പിന്‍ബലം സിദ്ധിച്ചവര്‍ പോലും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പരസ്യമായി കൂതറ എന്ന്‌ ഉരുവിടുന്നു.കൂതറയ്‌ക്ക് പുതിയ വ്യാഖ്യാനഭേദം ചമയ്‌ക്കുന്ന ഭാവനാശാലികള്‍ക്കും പഞ്ഞമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു നടന്‍ ഒരു സുഹൃത്‌് സദസില്‍ നടത്തിയ പരാമര്‍ശം നോക്കാം.

''എന്ത്‌ ചെയ്യാനാ ആശാനേ ആ കൂതറച്ചി പ്രേമമാണെന്നും പറഞ്ഞ്‌ എന്റെ പിന്നാലെ നടക്കുകാ...'' ഇവിടെ കൂതറച്ചിക്ക്‌ വൃത്തികെട്ടവള്‍ ,പിഴച്ചപെണ്ണ്‌, സ്വഭാവശുദ്ധിയില്ലാത്തവള്‍ എന്നെല്ലാം അര്‍ത്ഥം. പുതിയ പടങ്ങള്‍ റിലീസാവുമ്പോള്‍ സൃഹൃത്തുക്കള്‍ തമ്മിലുള്ള അന്വേഷണത്തിലും കടന്നു വരും കൂതറ.

''എങ്ങനെയുണ്ട്‌ പടം?''

''കൂതറ''ആ സിനിമയുടെ ഗതി അധോഗതിയെന്ന്‌ സാരം.

ഇടിവെട്ട്‌

അടിപൊളിയുടെ ട്വിന്‍ ബ്രദര്‍ അഥവാ ഇരട്ട സഹോദരനും കുറെനാള്‍ മുന്‍പ്‌ കളത്തിലിറങ്ങി.അവന്‍ താന്‍ 'ഇടിവെട്ട്‌' .കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം കൂട്ടുകാരനുമായി പങ്ക്‌ വയ്‌ക്കുന്നത്‌ ഇങ്ങനെ. ''അളിയാ കാലത്തെ ഞാന്‍ വരുമ്പോള്‍ ആ സ്‌റ്റാച്യൂവിന്‌ മുന്നിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്നു ഒരു ഇടിവെട്ട്‌ സാധനം'' അതിഭയങ്കരം, ഗംഭീരം തുടങ്ങിയ മാന്യമായ പദങ്ങളുടെ സമാനാര്‍ത്ഥത്തിലാണ്‌ ഇത്തരം വികൃതപദങ്ങള്‍ എടുത്ത്‌ ഇക്കൂട്ടര്‍ 'അലക്കു' ന്നത്‌.

അലക്കി

തട്ടി, കാച്ചി തുടങ്ങിയ അത്ര സുഖകരമല്ലാത്ത പ്രയോഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരനാണ്‌ 'അലക്ക്‌'.ഉദാഹരണത്തിന്‌ രണ്ട്‌ സഹപാഠികള്‍ തമ്മില്‍ സംസാരിക്കുന്നു.

''എക്‌സാം എപ്പടി''

''ടഫായിരുന്നളിയാ. ഞാന്‍ പിന്നെ അടുത്തിരുന്നവന്റെ ആന്‍സര്‍ പേപ്പറ്‌ നോക്കി വച്ച്‌ അലക്കി''

വച്ചു കാച്ചി, ട്ടിക്കൊടുത്തു എന്ന്‌ പറഞ്ഞാലും സമാനാര്‍ത്ഥം തന്നെ.അലക്ക്‌ പുതിയ പരിഷ്‌കാരമാണ്‌. സര്‍ഫ്‌ എക്‌സലും വിംബാറുമില്ലാത്ത അലക്കാണെന്ന്‌ മാത്രം.

കോടാലിയും കെട്ടിയെടുപ്പും

ഇനി വേറെ രണ്ട്‌ സുഹൃത്തുക്കളുടെ കിഞ്ചന വര്‍ത്തമാനം ഇതാ...

''പുതിയ കെമിസ്‌ട്രി സാറ്‌ എങ്ങനുണ്ട്‌''

''അതൊരു കോടാലിയാ മച്ചാ''

പ്രശ്‌നക്കാരന്‍, കുഴപ്പക്കാരന്‍ എന്നൊക്കെയാണ്‌ കോടാലിക്കൈ കൊണ്ടുദ്ദേശിക്കുന്നത്‌.

വ്യക്‌തികളെക്കുറിച്ച്‌ മാത്രമല്ല ജീവിതാവസ്‌ഥകളെയും കോടാലി എന്ന്‌് വിശേഷിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്‌.ഉദാഹരണത്തിന്‌ രണ്ട്‌ സുഹൃത്തുക്കളുടെ സംഭാഷണം തന്നെയെടുക്കാം.

''എങ്ങനെയുണ്ട്‌ പുതിയ ജോലി?''

''ഭയങ്കര കോടാലിയാ. പഴയ കമ്പനി തന്നെയായിരുന്നു ഭേദം''

സമീപകാലത്ത്‌ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പോലും കോടാലി പ്രയോഗം കടന്നു വന്നു. ചുരുക്കത്തില്‍ അച്ചടി ഭാഷയായി പോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അന്തസും ആഭിജാത്യവും കൈവരിച്ചു തുടങ്ങിയിരിക്കുന്നു നമ്മുടെ 'കോടാലി'. ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകന്‍ ദൈനംദിന ജീവിതത്തില്‍ സ്‌ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്‌ കോടാലി. അപ്പോള്‍ വളരെ സാധാരണക്കാര്‍ മാത്രമല്ല വിവരവും വിദ്യാഭ്യാസവും ഉള്ള പൊതുസമൂഹം ആദരവോടെ പരിഗണിക്കുന്നവര്‍ കൂടി ഇത്തരം വാക്കുകളുടെ ആരാധകരായി മാറിയിരിക്കുന്നു. പത്രത്തില്‍ പുതുതായി ജോയിന്‍ ചെയ്‌ത സഹപ്രവര്‍ത്തകനെക്കുറിച്ച്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ കമന്റ ്‌ ശ്രദ്ധിക്കാം.

''എന്താ സാറേ മുഖത്തൊരു തെളിച്ചമില്ലല്ലോ?''

''എങ്ങനെ തെളിയാനാ പുതിയൊരു കോടാലി കെട്ടിയെടുത്തിരിക്കുകയല്ലേ'' കെട്ടിയെടുക്കുക എന്ന വാക്കും ഈ തരത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ നെഗറ്റിവ്‌ പ്രയോഗമാണ്‌. ഭാഷയില്‍ ആ വാക്ക്‌ മരണവുമായി ബന്ധപ്പെടുത്തിയാണ്‌ മുന്‍പ്‌ പറയപ്പെട്ടിരുന്നത്‌. ഇപ്പോള്‍ ഒരാളുടെ ആഗമനത്തെ സൂചിപ്പിക്കുന്ന വാക്കായി അവന്‍ മാറി. അതായത്‌ പലഹാരം വാങ്ങാനായി ബേക്കറിയിലേക്ക്‌ ധൃതിവച്ചോടുന്നയാളോട്‌ നാട്ടുകാരന്റെ കുശലം.

''എങ്ങോട്ടാ നൂറേല്‍ കൊളുത്തുന്നത്‌?''

''കാലത്തെ ഒരു മാരണം കെട്ടിയെടുത്തിട്ടുണ്ട്‌''

വീട്ടില്‍ വിരുന്നു വന്ന അത്ര പഥ്യമല്ലാത്ത അതിഥിയെക്കുറിച്ചാണ്‌ സൂചന.

'നൂറേല്‍ കൊളുത്തുക' എന്ന വാക്കും ഈ തരത്തില്‍ പുതിയ ഇറക്കുമതിയാണ്‌. വളരെ വേഗതയില്‍ പോകുന്നത്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. നൂറുകിലോമീറ്ററാണല്ലോ വാഹനങ്ങളുടെ പരമാവധി സ്‌പീഡ്‌. അത്‌ മുന്നില്‍ നിര്‍ത്തിയാവാം ഈ പ്രയോഗം ഉയിര്‍കൊണ്ടത്‌.

അവശ്യവസ്‌തു വാങ്ങാന്‍ തയ്യാറായി വന്ന ഉപഭോക്‌താവിനോട്‌ ഉടമ.

''പറഞ്ഞ കാശ്‌ കൊണ്ടു വന്നിട്ടുണ്ടോ''

''കാശ്‌ ശരിയായിട്ടില്ല''

ഉടമയുടെ മറുപടി- ''എന്നാ കുഞ്ഞ്‌ വിട്ടുപൊയ്‌ക്കോ.റെഡി ക്യാഷും കൊണ്ട്‌ ആളുകള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പഴാ അവന്റെയൊരു കടം പറച്ചില്‌''

'സ്‌ഥലം കാലിയാക്കിക്കോ' 'വേഗം സ്‌ഥലംവിട്ടോ' എന്നിങ്ങനെ പഴയ നാടന്‍ പ്രയോഗങ്ങള്‍ക്ക്‌് സമാനമായി പുതിയ തലമുറയുടെ സൃഷ്‌ടിയാണ്‌ 'വിട്ടുപൊയ്‌ക്കോ'

അളിയനും മച്ചാനും

'അളിയാ' 'മച്ചാ' തുടങ്ങിയ വാക്കുകളും സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്‌പര സ്‌നേഹത്തിന്റെ പാരമ്യതയിലുള്ള വെറുംവാക്കുകള്‍ മാത്രം.അല്ലാതെ വിളിക്കുന്നവന്റെ പെങ്ങളെ മറ്റവന്‍ കല്യാണം കഴിക്കുകയോ ആ വഴി ഒരു ആലോചന പോലുമോ ഉണ്ടാവില്ല.സ്വന്തം പെങ്ങളെ കുറെക്കൂടി നിലവാരമുള്ള മച്ചാന്‍മാര്‍ക്ക്‌ കെട്ടിച്ചുകൊടുക്കാനേ കുടുംബസ്‌നേഹമുള്ള ഏതൊരു ആങ്ങളയും ആഗ്രഹിക്കൂ.

വെടിക്കെട്ടും ചെത്തും

അടിപൊളിയുടെയും ഇടിവെട്ടിന്റെയും മച്ചാനാണ്‌ വെടിക്കെട്ട്‌.ഭയങ്കരം,ഗംഭീരം,ഉഗ്രന്‍ എന്നൊക്കെത്തന്നെ അര്‍ത്ഥം.ഇവന്‍മാരുടെ ഗ്രാന്‍ഡ്‌ഫാദറായ ചെത്തിന്‌ ഇന്ന്‌ വലിയ ഡിമാന്‍ഡില്ല. പ്രായാധിക്യത്താല്‍ കാലഹരണപ്പെട്ട അവസ്‌ഥയിലാണ്‌ ഇന്ന്‌ ചെത്ത്‌.

അവന്‍ ആള്‌ ചെത്താ...എന്നൊക്കെ പറഞ്ഞാല്‍ ഒരു കാലത്ത്‌ സ്‌റ്റൈലിഷ്‌ എന്ന്‌ കരുതിയിരുന്നു.നല്ല ചെത്ത്‌ പയ്യന്‍ എന്നൊക്കെ്‌ അന്ന്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നു.

''കാലത്തെ ചെത്തി നടക്കുകാണല്ലേ'' എന്നൊക്കെ കുശലം ചോദിച്ചിരുന്ന കാലം പോയി. ഒരു കാലത്ത്‌ സുപ്പര്‍സ്‌റ്റാറായിരുന്ന ചെത്തിന്‌ അടിപൊളി എന്ന മെഗാസ്‌റ്റാര്‍ വന്നതോടെയാണ്‌ തട്ടുകേട്‌ സംഭവിച്ചത്‌.എന്നിരുന്നാലും മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യം ചെത്തിന്‌ കൈവന്നു.ജോഷിയുടെ മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനം കേള്‍ക്കാം.

''ബാഗി പാന്റ്‌സും ജീന്‍സുമണിഞ്ഞ്‌ ബൈക്കില്‍ ചെത്തി നടക്കാം.ഹണ്‍ഡ്രഡ്‌ സീസീ ബൈക്കും അതിലൊരു പുജാബട്ടും വേണം.''- സിനിമാഗാനം വഴി ചരിത്രത്തിലും സ്‌ഥാനം പിടിച്ചു ചെത്ത്‌ മാഹാത്മ്യം.

കലക്കന്‍



കലക്കി, കലക്കന്‍, കലക്കി കപ്പയിട്ടു തുടങ്ങിയ വാക്കുകളും കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഘണ്ടുവിലില്ലാത്ത വാക്കുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവനെയും അവഗണിക്കാന്‍ സാധിക്കില്ല.'കലക്കി' എന്ന വാക്ക്‌ മലയാള ഭാഷയുമായി ലേശം ബന്ധമുള്ളതാണ്‌. 'അവന്‍ ആ പെങ്കൊച്ചിന്റെ കല്യാണം കലക്കി' അഥവാ എതിര്‍പാര്‍ട്ടിക്കാര്‍ യോഗം കലക്കി എന്ന്‌ പറഞ്ഞാല്‍ തകര്‍ത്തു ,നശിപ്പിച്ചു എന്നിങ്ങനെ സംഗതി വിപരീതാര്‍ത്ഥത്തിലാണ്‌.എന്നാല്‍ ഇവിടെ കലക്കി ക്ക്‌ നന്നായി, ഭംഗിയായി എന്നൊക്കെയാണ്‌ അര്‍ത്ഥം.കലക്കി കപ്പയിട്ടു എന്നതിലെ കപ്പ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ അതിന്റെ സൃഷ്‌ടി കര്‍ത്താവിന്‌ മാത്രമേ പറയാന്‍ കഴിയൂ.അങ്ങേയറ്റം നന്നായി എന്നോ മറ്റോ ആവാം .

ചളുക്ക്‌

ചളുക്ക്‌ എന്നാല്‍ ചളുങ്ങിയ വസ്‌തു എന്നോ മറ്റോ ആണ്‌ സൂചന.എന്നാല്‍ കോളജ്‌ കാമ്പസില്‍ സംഗതി വേറെയാണ്‌.തന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ചെറുപ്പക്കാരനെക്കുറിച്ച്‌ പെണ്‍കുട്ടി സ്വന്തം കൂട്ടുകാരിയോട്‌ നടത്തുന്ന അഭിപ്രായ പ്രകടനമാണ്‌.

''അയ്യടാ പ്രേമിക്കാന്‍ പറ്റിയ ഒരു ചളുക്ക്‌''

ആള്‌,സംഗതി,സാധനം എന്നിങ്ങനെ അര്‍ത്ഥം പറയാമെങ്കിലും അനിഷ്‌ടസൂചകമായ ഒരു പ്രയോഗമാണിത്‌.

കണാകുണായും ക്‌ണാപ്പും

''ചുമ്മാ ഒരു മാതിരി കണാ കുണാ വര്‍ത്തമാനം പറയരുത്‌''

പലപ്പോഴും നമ്മള്‍ കേട്ടു ശീലിച്ച പ്രയോഗമാണിത്‌.അര്‍ത്ഥശൂന്യമായ അഥവാ അപ്രസക്‌തമായ വര്‍ത്തമാനം പറയരുത്‌ എന്നാവാം ഉദ്ദേശിക്കുന്നത്‌. എന്നാല്‍ പ്രഥമ ശ്രവണമാത്രയില്‍ അസ്വാരസ്യം ദ്യോതിപ്പിക്കുന്ന വാക്കാണിത്‌.ഒഴിഞ്ഞുമാറി രക്ഷപ്പെടുന്ന വിധത്തില്‍ വ്യക്‌തതയില്ലാത്ത മറുപടിക്കാണ്‌ പലരും കണാകുണാ എന്ന്‌ ഉപയോഗിക്കുന്നത്‌.ഇവിടെയും സഭ്യേതരമായ ഒരു പ്രയോഗത്തിന്റെ ലാഞ്‌ജന കാണാം.

സമാനദുരന്തം പതിയിരിക്കുന്ന മറ്റൊരു പ്രയോഗമാണ്‌ 'ക്‌ണാപ്പ്‌'

''ആശാനേ ഒരു മാതിരി ക്‌ണാപ്പ്‌ വര്‍ത്തമാനം പറയരുത്‌''

ക്‌ണാപ്പിന്‌ ഇവിടെ ശരിയല്ലാത്ത എന്നാവാം അര്‍ത്ഥം.നാടന്‍ വര്‍ത്തമാനത്തില്‍ വരുന്ന നിര്‍ദ്ദോഷമായ ഒരു പ്രയോഗം എന്ന്‌ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും അസുഖകരമായ എന്തോ ഒന്ന്‌ ക്‌ണാപ്പിലുമുണ്ട്‌.

ഒരു മാതിരി പന്തിയല്ലാതെ സംസാരിക്കുന്നവരെ ഉദ്ദേശിച്ച്‌-

''അവന്റെയൊരു കണസാ കുണസാ വര്‍ത്താനം കേട്ടാല്‍ ദേഷ്യം വരും''

എന്നൊരു പറച്ചിലുണ്ട്‌.

കുട്ടകളി

അവര്‌ തമ്മില്‍ പിണക്കമൊന്നുമില്ല.ചുമ്മാ മനുഷ്യരെ പറ്റിക്കാനുള്ള കുട്ടകളിയാണെന്നേ''

നാടന്‍കളികളുടെ പട്ടികയിലൊന്നും പെടാത്ത ഈ 'കുട്ടകളി'യുടെ അര്‍ത്ഥം തേടി തല പുകയണ്ട.അഡ്‌ജസ്‌റ്റമെന്റ്‌, ഒത്തുകളി, ഉരുണ്ടുകളി എന്നൊക്കെയാണ്‌ അര്‍ത്ഥമാക്കുന്നത്‌. അവര്‌ വാണിയനും വാണിയത്തിയും കളിക്കുകയാ.. എന്ന്‌ സമാനാര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗം തന്നെയുണ്ട്‌. ഈ പറഞ്ഞ സാമാന്യം തെറ്റില്ലാത്ത പ്രയോഗങ്ങള്‍ നിലനില്‍ക്കുമ്പോഴും ലേശം എരിവും പുളിയും തോന്നിക്കുന്ന 'കുട്ടകളി'യിലാണ്‌ ആളുകള്‍ക്ക്‌ കൗതുകം.

തെറിപ്പിക്കും..?

''മര്യാദക്ക്‌ അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിക്കും''

ജോലി കളയും എന്ന മാന്യമായ പ്രയോഗമാണ്‌ ഇവിടെ തെറിപ്പിക്കലായി രൂപാന്തരപ്പെടുന്നത്‌.തൊണ്ണൂറുകളില്‍ കേരളത്തില്‍ ഒരിടത്തും കേട്ടുശീലിച്ചിട്ടില്ലാത്ത ഈ വാക്ക്‌ പെട്ടെന്ന്‌ ഒരു നാള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.ഇക്കാര്യത്തില്‍ സിനിമകളുടെ സംഭാവന വളരെ വലുതാണ്‌.ഈ തരത്തില്‍ ഉയര്‍ന്നു വരുന്ന പല വാക്കുകള്‍ക്കും ജനപ്രീതി ലഭിക്കാന്‍ സിനിമകള്‍ കാരണമാവുന്നുണ്ട്‌.

വെടിച്ചില്ല്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം.ഗംഭീരം,ഭേഷ്‌,ഉഗ്രന്‍ എന്നിവയുടെ സമാനാര്‍ത്ഥമാണ്‌ വെടിച്ചില്ലിനും. എന്നാല്‍ ആരാലും അറിയപ്പെടാതെ കിടന്ന വെടിച്ചില്ലിനെ ഇത്രയും പ്രശസ്‌തമാക്കിയത്‌ നിസാര വ്യക്‌തികളല്ല. ഇടിവെട്ട്‌,വെടിച്ചില്ല്‌ ഷോട്ടുകള്‍ എടുക്കുന്നതില്‍ വിഖ്യാതനായ ഒരു ചലച്ചിത്രസംവിധായകനാണ്‌ തന്റെ ഒരു സിനിമയുടെ പരസ്യ വാചകമായി ഈ പദങ്ങള്‍ വെണ്ടയ്‌ക്ക വലിപ്പത്തില്‍ പോസ്‌റ്ററുകളില്‍ ചേര്‍ത്തത്‌. ക്രമേണ കേരളത്തില്‍ അങ്ങോളമിങ്ങോളം ആ വാക്ക്‌ നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങി.

തരികിട

''അവന്‍ ആള്‌ പിശകാ'' പണ്ട്‌ മുതലേ പ്രചാരത്തിലിരുന്ന പ്രയോഗമാണിത്‌.ആ വ്യക്‌തി ശരിയല്ലെന്ന്‌ അര്‍ത്ഥം.പുതിയ തലമുറയുടെ കണ്ടെത്തലായ 'തരികിട'യ്‌ക്ക് കുറെക്കൂടി വ്യാപകമായ അര്‍ത്ഥമുണ്ട്‌.അവന്‍ ആള്‌ തരികിടയാണെന്ന്‌ പറഞ്ഞാല്‍ ആള്‌ വെറും കുഴപ്പക്കാരനെന്ന്‌ മാത്രമല്ല എല്ലാത്തരത്തിലും പ്രശ്‌നകാരിയായ ഒരു ഫ്രാഡാണെന്ന്‌ വ്യംഗ്യം.ഉരുണ്ടുകളിക്കുന്നവരെക്കുറിച്ച്‌ അവന്‍ ഒരു മാതിരി ''തക്കടതരികിട' വര്‍ത്താനമാ പറയുന്നത്‌ എന്നൊരു ചൊല്ലുണ്ട്‌.ഇവിടത്തെ തരികിട താരതമ്യേന നിര്‍ദ്ദോഷിയാണ്‌.അങ്ങനെ കേവലം തരികിടയ്‌ക്ക് തന്നെ സാന്ദര്‍ഭികമായി എന്തെല്ലാം അര്‍ത്ഥഭേദങ്ങള്‍.

ഉഡായിപ്പ്‌

ഈ ജനുസില്‍ 2000 ആണ്ടിലെ സൂപ്പര്‍ഹിറ്റ്‌ നമ്പരാണ്‌ സര്‍വ്വശ്രീ.ഉഡായിപ്പ്‌. ഏതെങ്കിലും ഒരു ഐപ്പിന്റെ ഇരട്ടസഹോദരനല്ല ഈ 'ഉഡായിപ്പ്‌'.പിന്നെയോ? തട്ടിപ്പും വെട്ടിപ്പും തരികിടയും കറക്കുകമ്പനിയും അങ്ങനെ സര്‍വ്വത്ര കുഴപ്പക്കാരായ വ്യക്‌തികള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഭിനവ എഴുത്തഛന്‍മാര്‍ കനിഞ്ഞരുളിയ ബഹുമതിയാണ്‌ സാക്ഷാല്‍ 'ഉഡായിപ്പ്‌'

ഇന്ന്‌ പ്രൊഫഷനല്‍ബിരുദധാരികള്‍ അടക്കമുള്ളവര്‍ ദൈനംദിന ജീവിതത്തില്‍ ഒരു ഉളുപ്പും കൂടാതെ എടുത്ത്‌ പ്രയോഗിക്കുകയാണ്‌ ഇവനെ.

''അവന്‍ ആള്‌ ഉഡായിപ്പാണ്‌ കേട്ടോ'' ''അണ്ണാ ഒരുമാതിരി ഉഡായിപ്പ്‌ വര്‍ത്താനം പറയരുത്‌ ''എന്നൊക്കെ 'അടിച്ചുവിടുന്ന' വരുണ്ട്‌.പറയുക എന്ന അര്‍ത്ഥത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന നമ്പരാണ്‌ തട്ടി വിടുക,അടിച്ചുവിടുക,ഇവയൊക്കെ.

''ഞങ്ങളവനെയൊന്ന്‌ വാരി'' എന്ന്‌ പറഞ്ഞാല്‍ കളിയാക്കി എന്നാണ്‌.''കെമിസ്‌ട്രി മിസിനെ കറക്കി കയ്യിലെടുത്തു'' എന്നാല്‍ സോപ്പിട്ടു എന്ന്‌ തന്നെ. വശത്താക്കി അഥവാ പ്രീതിപ്പെടുത്തി തുടങ്ങിയവയ്‌ക്ക് തൊണ്ണൂറുകളില്‍ കൈവന്ന പുതിയ വാക്കാണ്‌ സോപ്പിടുക.

ചരക്കും ഉരുപ്പടിയും

റോഡിലൂടെ നടന്നു പോകുന്ന സുന്ദരിയായ പെണ്‍കുട്ടിയെ നോക്കി ''നല്ലുഗ്രന്‍ ചരക്ക്‌'' എന്ന്‌ പറഞ്ഞിരുന്ന കാലം പോയി.ആ വാക്ക്‌ തന്നെ ഔട്ട്‌ഡേറ്റഡായപ്പോള്‍ പകരം വന്ന മാന്യനാണ്‌ 'ഉരുപ്പടി'. സാധാരണഗതിയില്‍ സ്വര്‍ണ്ണം പോലെ വിലയേറിയ വസ്‌തുക്കള്‍ക്ക്‌ നല്‍കിയിരുന്ന വിശേഷണം തരുണീമണികള്‍ക്ക്‌ നല്‍കി സ്‌ത്രീത്വത്തെ ആദരിച്ചതായി പുരുഷകേസരികള്‍ ന്യായീകരിച്ചേക്കാം.എന്നിരുന്നാലും നല്ലതല്ലാത്ത ഒരു പ്രയോഗം തന്നെയാണ്‌ ഇതും.

''ആശാനേ ദേ ഒരു കിണ്ണന്‍ ഉരുപ്പടി ഇതിലെ പോയി''എന്ന്‌ പറയുന്നതിലെ സൗന്ദരാസ്വാദനം ഒരു പരിധി വരെ അശ്‌ളീലദ്യോതകമാണ്‌.ചരക്ക്‌,ഉരുപ്പടി എന്ന പോലെ സാധനം എന്നും പെണ്‍കുട്ടികളെ വിശേഷിപ്പിക്കുന്നവരുണ്ട്‌.സ്‌ത്രീത്വത്തോടുള്ള അനാദരവായി ഇത്‌ കാണുന്ന സ്‌ത്രീകളുമുണ്ട്‌.

''ആ പോകുന്ന സാധനം കൊള്ളാം'' എന്ന്‌ ഒരു പെണ്‍കുട്ടിയെ നോക്കി പറയുന്നവന്‍ തീര്‍ച്ചയായും സ്‌ത്രീയെ ഒരു ഉപഭോഗ വസ്‌തുവായാണ്‌ കാണുന്നത്‌. എന്നാല്‍ ചെറുപ്പത്തിന്റെ നിര്‍ദ്ദോഷമായ കമന്റുകളായി ഇതിനെ കാണുന്നവരുമുണ്ട്‌.

ലൊട്ടുലൊടുക്കും ആപ്പയൂപ്പയും

സാമൂഹ്യമാന്യതയോ മൂല്യമോ ഇല്ലാത്ത അനാദരണീയരായ വ്യക്‌തികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്‌.

''കണ്ട ആപ്പയൂപ്പയോടൊന്നും ഞാന്‍ സംസാരിക്കാറില്ല'' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ പറയുന്നയാള്‍ ഉന്നതസ്‌ഥാനീയനും അയാള്‍ ആപ്പയൂപ്പയായി കാണുന്നവര്‍ അയാളുടെ സോഷ്യല്‍സ്‌റ്റാറ്റസിന്‌ തീര്‍ത്തും യോജിക്കാത്ത അധമനുമാണെന്ന്‌ നാം മനസിലാക്കി കൊള്ളണം. പുതിയ വീട്ടിലേക്ക്‌ മാറി താമസിക്കാന്‍ ഒരുങ്ങുന്നയാള്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്‌ അടുത്ത രംഗം.

''എടോ ആ വില കൂടിയ സാധനങ്ങള്‍ മാത്രം ലോറിയില്‍ കയറ്റിയാല്‍ മതി.ബാക്കി ലൊട്ടുലൊടുക്ക്‌ എല്ലാം വല്ല പെട്ടി ആട്ടോയിലും കയറ്റാം'' താരമമ്യേന വില കുറഞ്ഞ സാധനങ്ങളെയാണ്‌ അത്ര പ്രാധാന്യമില്ലാത്ത, പ്രസക്‌തമല്ലാത്ത എന്ന അര്‍ത്ഥത്തില്‍ ടിയാന്‍ ലൊട്ടുലൊടുക്ക്‌ എന്നു വിശേഷിപ്പിച്ചത്‌.

ഇടുക്ക്‌ വഴികള്‍ക്ക്‌ 'ഗുഡുസ്‌'' എന്നും വണ്ണക്കൂടുതലുളളവരെ 'ഗുണ്ടുമണി'യെന്നുമൊക്കെ വിശേഷിപ്പിക്കുന്നത്‌ ഭാഷയുടെ ഭാഗമായിത്തന്നെ മലയാളി അംഗീകരിച്ചു കഴിഞ്ഞു.

'പാര വയ്‌പ്പ്' ഈ തരത്തില്‍ സുസമ്മതനായ വാക്കാണ്‌.പാര കുറെക്കൂടി അപ്‌ഡേറ്റ്‌ ചെയ്‌തപ്പോള്‍ 'തിരി' ആയി.''അവന്‍ തിരി വച്ചിട്ടാണെന്നേ എന്റെ പണി പോയത്‌'' എന്ന്‌ പറഞ്ഞാല്‍ അയാള്‍ പാര പണിത്‌ ടിയാന്റെ ജോലി കളഞ്ഞു എന്ന്‌ അര്‍ത്ഥം.

''അറിഞ്ഞോ ഇരുപത്തയ്യായിരം രൂപയാ അവന്‌ സ്‌റ്റാര്‍ട്ടിംഗ്‌ സാലറി''

''ഇരുപത്തയ്യായിരം തൂമ്പാ..അവന്‍ ചുമ്മാ കാച്ചുന്നതാ..''ഇവിടെ കാച്ചുക എന്നാല്‍ പപ്പടം കാച്ചലല്ല.നുണ പറയുകയാണ്‌, സത്യവിരുദ്ധമാണ്‌ എന്നൊക്കെ അര്‍ത്ഥം.

പലപ്പോഴും മികച്ച പദപ്രയോഗങ്ങളേക്കാള്‍ സാഹചര്യങ്ങളുടെ അഥവാ സന്ദര്‍ഭത്തിന്റെ തീവ്രത സംവേദനം ചെയ്യാന്‍ ഇത്തരം വാക്കുകള്‍ ഉപകരിക്കുന്നതായി കാണാം. എന്നിരുന്നാലും ഇത്തരം പ്രയോഗങ്ങള്‍ അഭിലഷണീയമായി പൊതുവെ കരുതപ്പെടുന്നില്ല.

''അവനൊരു മണുക്കൂസാണെന്നേ..''പലപ്പോഴും നാം കേള്‍ക്കാറുള്ള വാക്കാണ്‌്. ഇവിടെ മണുക്കൂസ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി കാര്യശേഷിയില്ലാത്ത ദുര്‍ബലനായ ഒരുവനാണെന്ന്‌ സാരം. ക്‌ണാപ്പന്‍, മണുമണാപ്പന്‍ എന്നും ഇത്തരക്കാരെ വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്‌.

''അവന്‍ വല്യ കൊണാണ്ട്രനല്ലേ'' എന്ന്‌ പറഞ്ഞാല്‍ വലിയ പുള്ളിയല്ലേ എന്ന്‌ സാരം.ഇത്‌ പക്ഷേ ആദരവോടെയല്ല ലേശം പരിഹാസത്തോടെയാണ്‌ ഉപയോ ഗിക്കുക.

''ഇന്നലത്തെ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ശ്രീകാന്ത്‌ തകര്‍ത്തു കളഞ്ഞു'' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ശ്രീകാന്ത്‌ ഗംഭീര പ്രകടനം കാഴ്‌ച വച്ചു എന്നാണ്‌. എന്നാല്‍ ഇതേ വാക്കിന്‌ നശിപ്പിച്ചു എന്നാണ്‌ ശരിയായ അര്‍ത്ഥം.

ചുരുക്കത്തില്‍ ഇത്തരം പുതിയ പദങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങൂന്നതല്ല. ഇനിയൊരു കാലത്ത്‌ ഇത്തരം വാക്കുകള്‍ക്ക്‌ മാത്രമായി ഒരു നിഘണ്ടു നിലവില്‍ വന്നാലും അതിശയിക്കേണ്ടതില്ല.കാരണം ഇത്തരം 'ഉഡായിപ്പ്‌' വാക്കുകളുടെ ബാഹുല്യം അത്രയേറെയാണ്‌.

No comments:

Post a Comment