മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Tuesday 20 April 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്.......

പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.



ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.
മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.
ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!

No comments:

Post a Comment