ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്നജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരുവിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക് നൂണ്ടുപോവാന്‍ നിര്‍ബ്ബന്ധിച്ചിട്ടും അതനുസരിക്കാതെ വന്നുമൂടുന്ന നിദ്രയെ തല കുടഞ്ഞെറിഞ്ഞ് അന്നും അയാള്‍പെട്ടെന്ന് തന്നെ കട്ടിലില്‍ എഴുനേറ്റിരുന്നു. തലേന്ന് രാത്രി നേരമേറെ വൈകി തന്റെ തൂവിപ്പോയ ദൈന്യങ്ങള്‍അരിച്ചെടുത്തും സ്നേഹമിടിപ്പുകളുടെ ശ്വാസവായു ഊതി നിറച്ചും എഴുതിയുണ്ടാക്കിയ നാലര പേജുള്ള ഒരുമനസ്സ് ആമിനയുടെ കൈകളിലേക്ക് യാത്രയാവാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന ചിന്ത എന്നെത്തെയുംപോലെജമാലിനെ പെട്ടെന്ന് ഉന്മേഷവാനാക്കി. തെല്ലിട, ഒരുങ്ങിവന്ന ഒരു കോട്ടുവായുടെ പൂര്‍ണ്ണ സാക്ഷാത്കാരത്തിനുപഴുതനുവദീച്ച് കട്ടിലിലുണ്ടായിരുന്ന തോര്‍ത്തുമുന്ടെടുത്ത് തലയില്‍ ചുറ്റി അയാള്‍ കുളിക്കാനൊരുങ്ങി.
പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെതുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരുരാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കുംബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാംഭാഗം പുതിയൊരു ജമാലിനെയാ ണ് എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ളകുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായിഅയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ്അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടുറിയാലിന്റെ ബസ് യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നുചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ് കത്തുകള്‍എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട്ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.
പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെതുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരുരാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കുംബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാംഭാഗം പുതിയൊരു ജമാലിനെയാ ണ് എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ളകുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായിഅയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ്അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടുറിയാലിന്റെ ബസ് യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നുചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ് കത്തുകള്‍എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട്ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.
ശബ്ദമൊഴിഞ്ഞ ആമിന എഴുതുന്ന കത്തുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ഒരിക്കലുമൊരു മറുകരയുടെവിതുമ്പലോ അല്ലലിന്റെ വര്‍ത്തമാനങ്ങളോ ആയിരുന്നില്ല. പുതുമഴയുടെ ഗന്ധത്തിലും നിഷ്കളങ്കമായചിരിയിലുമലിയിച്ച ആര്‍ദ്രമായ സ്നേഹത്തിന്റെ ശോണമുദ്രകളിലൂടെയുള്ള ഒരു സുഖദമായ കാവ്യസഞ്ചാരം. നാവിന് ശബ്ദമുണ്ടായിരുന്നെന്കില്‍ പറഞ്ഞിരിക്കാവുന്നതും പറയേണ്ടതുമായ എല്ലാവിധസ്നേഹവ്യാകരണങ്ങളുമാണതെന്നു അയാള്‍ക്കറിയാം. എല്ലാം പറഞ്ഞു നിര്‍ത്തുന്നിടം മാത്രം പേരിനുംചുവടെയായി അവളെന്നുമൊരു കുഞ്ഞുമുഖം രേഖാ ചിത്രമായി വരച്ചു വെച്ചുകൊണ്ടിരുന്നു. ഒരു ഗൂഡസ്മിതംപൊഴിക്കുന്ന ആമിന അപ്പോളയാളില്‍ മിന്നിമറയുക പതിവാണ്. പിന്നെ കടലാസിലെ ഓമനത്തമുള്ള കുഞ്ഞു മുഖംഒരു കുഞ്ഞാമിയായി ഏറെ നേരം അയാളോട് സംസാരിക്കുമായിരുന്നു. ആ നേരങ്ങളില്‍ ജമാലിന്റെ വിരഹക്കടല്‍വല്ലാതെ പ്രക്ഷുബ്ധമായി അലയടിച്ചുകൊണ്ടിരിക്കും. അതുവഴി വിവാഹ ജീവിതത്തിന്റെ മുപ്പതു നാളുകളെമന:പാഠമായി കിട്ടുമ്പോള്‍ മണലാരണ്യത്തില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ കുറിച്ചോര്‍ത്ത് അയാളെന്നും സങ്കടംകൊണ്ടു. ആമിനയുടെ സ്നേഹപച്ചപ്പുകളില്‍ നിന്നും നെടുവീര്‍പ്പിന്റെയും കണ്ണീരിന്റെയും മഞ്ചലില്‍മരുഭൂമിയിലെക്കൊരു യാത്ര പൊടുന്നനേ സംഭവിച്ചതാണ്. എങ്കിലുമപ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍പൂത്തുലഞ്ഞിരുന്നു. അറുതിയാവുന്ന കഷ്ടപ്പാടുകള്‍, തങ്ങളുടെയും ചുറ്റിലുമുള്ളവരുടെയും ജീവിതത്തില്‍തെളിയിച്ചു വെക്കാവുന്ന വെളിച്ചം ഈ പാലായനത്തിലൂടെ സാധ്യമാവുമെന്ന് അയാള്‍ വിചാരിച്ചു. പക്ഷെകഴിഞ്ഞ നാലുവര്‍ഷക്കാലമായി നഗര മാലിന്യങ്ങള്‍ നീക്കം ചെയ്തു പോന്നിട്ടും സ്വന്തം ജീവിതത്തില്‍ പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യാനാവാത്ത ഒരു പാഴ്വസ്തുവായി തുടര്‍ന്നു.
നഗരവീഥികളെ വൃത്തിയാക്കുന്ന വലിയ കനത്ത ഇരുമ്പുപാളികളാല്‍ നിര്‍മിതമായ ആനവണ്ടിയെന്നു തോന്നിച്ചകൂറ്റന്‍ ശുചീകരണ ട്രക്ക് ആദ്യം കാണുമ്പോള്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു ജമാലിന് . തെരുവിലെ മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ വലിയ പ്ലാസ്റ്റിക് പെട്ടികളുടെ രണ്ടറ്റവുംലോഹച്ചരടുകളില്‍ കോര്‍ത്ത് അതിന്റെ തുറന്ന വായില്‍ വെച്ച് കൊടുക്കുമ്പോള്‍ അത് സ്വയം കമഴ്ത്തി ഒരുഭീമാകാരമുള്ള ജന്തുവിനെപോലെ ഞെരിച്ചമര്‍ത്തിയും ചതച്ചരച്ചും കിട്ടിയതെല്ലാം ആഹാരമായത് ഭക്ഷിക്കുന്നു. മാര്‍ഗമദ്ധ്യെ കാണുന്ന തടസ്സങ്ങള്‍ എടുത്തുമാറ്റുന്നതുപോലുള്ള പുണ്യ പ്രവര്‍ത്തിയായി വിചാരിക്കുമ്പോഴുംകത്തുന്ന വെയിലില്‍ അതിനെ ഊട്ടിയും ഉറക്കിയുമുള്ള നഗരം വൃത്തിയാക്കലാണ് തന്റെ ജോലിയെന്നത്ആമിനയില്‍ നിന്നും അയാള്‍ എന്തുകൊണ്ടോ മറച്ചു വെച്ചു. അല്ലെങ്കില്‍ ആമിനയങ്ങനെയൊരുചോദ്യത്തിലെത്താന്‍ മറന്നു പോയിരുന്നു. തന്റെ ദൈന്യതയിലും കഷ്ടപ്പാടുകളിലും ഇനിയുമവളുടെ കണ്‍നിഴല്‍വീണു ഖിന്നയാവരുതെന്നു അയാള്‍ എപ്പോഴു ആഗ്രഹിച്ചു.അവളിലെ തന്റെ തെളിച്ചമുള്ള രൂപം മരുഭൂമിയിലെപൊടിക്കാറ്റിലും മാലിന്യങ്ങളിലും മുങ്ങിയ വെറുമൊരു കോലമാവുന്നത് ജമാലിനിഷ്ടവുമായിരുന്നില്ല.
വൈകുന്നേരങ്ങളില്‍ തപാലാപ്പീസിലെ എഴുത്തുകുത്തുകളുടെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്കുള്ളമടക്കത്തിലാണ് ജമാല്‍ ലോകത്തിന്റെ നടപ്പു ഗതികള്‍ അറിഞ്ഞിരുന്നത്. നാട്ടുകാരനായ ബഷീറിന്റെ താമസസ്ഥലം അയാളെ സംബന്ധിച്ച് പുറം വാതില്‍ കാഴ്ചയിലെക്കുള്ള ദൂരദര്‍ശിനിയായിരുന്നു. ജോലികഴിഞ്ഞൊത്തുകൂടുന്ന ചങ്ങാതിമാരാല്‍ എപ്പോഴും ഇളകിമറിയുന്ന അവിടുത്തെ ചടുലമായഒരന്തരീക്ഷത്തില്‍ നിന്നും അയാള്‍ക്ക് വര്‍ത്തമാന ലോകത്തെ മുറയ്ക്ക് പകര്‍ന്നു കിട്ടി. ഇറാക്ക് യുദ്ധവും, അമേരിക്കന്‍ ഭടന്‍ തന്റെ ആരാധ്യ പുരുഷനായ സദ്ദാമിന്റെ വായ തുറന്നു ടോര്‍ച് ലൈറ്റ് മിന്നിച്ചുകൊണ്ട്അണപ്പല്ലുകള്‍ പരിശോധിക്കുന്നതും പിന്നീടൊരിക്കല്‍ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുന്നതും ഒരു പഴയ കാലസിനിമയിലെന്നപോലെ നേര്‍ത്ത വെളിച്ചത്തില്‍ കണ്ടത് അവിടെ വെച്ചാണ്. മരണത്തിനു മുന്നിലുംപഞ്ചേന്ദ്രിയങ്ങള്‍ തെല്ലും അയഞ്ഞുലയാതെ ഒരാള്‍ക്ക് തന്റെ നിറം മങ്ങിയ പരിസരങ്ങളുമായി സംവദിച്ചുനില്‍ക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്നാദ്യമായി ജമാലറിയുകയായിരുന്നു. ഏതൊരു മരണത്തിന്റെയും ഇത്തരംഓര്‍മ്മകള്‍ ഒരു നീണ്ട നടത്തത്തിന്റെ ആയാസങ്ങളെ ശരീരത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു നിര്‍ത്താന്‍ജമാലിനെ സഹായിച്ചു. ഒന്നിന് പിറകെ ഒന്നായി കേട്ടറിഞ്ഞ മരണങ്ങളെല്ലാം ഒരു ഘോഷയാത്രയായി അപ്പോള്‍മനസ്സിലെത്തുക പതിവാണ്. ഓരോ വാര്‍ത്തയിലും മരണത്തിന്റെ ആസന്നനിമിഷങ്ങള്‍ക്കരികെ അറിയാതെ ഒരുവിഹ്വല സാക്ഷിയായി നിന്നുപോവുകയോ താദാത്മ്യപ്പെടുകയോ ചെയ്യുന്നൊരു ശീലവും ജമാലിനുണ്ടായിരുന്നു. ഓരോന്നിലും അയാള്‍ സ്വയം മരണത്തെ നോക്കിനില്‍ക്കുകയോ മനസ്സില്‍ അനുഭവിക്കുകയോ ചെയ്തു പോന്നു. അപ്പോഴൊക്കെ എന്നും പതിവുപോലെ അറ്റം കാണാത്ത മണല്‍ക്കാട്ടില്‍ ഒരു യാത്രിക കുടുംബത്തോടൊപ്പംജമാലിനും വഴിതെറ്റിപ്പോവാറുണ്ട്. ഓര്‍മകളില്‍ വിഹ്വലതയുണര്‍ത്തുന്ന കഥയില്‍ ദിക്കറിയാതെ.. കത്തുന്നസൂര്യന്റെ കൊടും താപത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ രണ്ടു കുട്ടികളുംബാപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം ജമാലും ദാഹിച്ചു വിണ്ടുകീറുന്നു. മരുഭൂമിയുടെവിജനതയില്‍ വെന്തുരുകുന്ന നിസ്സഹായത അതുപോലെ അനുഭവിക്കുന്നു. ഒരു തുള്ളി ദാഹജലത്തിനായി പിടഞ്ഞുചലനം നിലക്കുന്ന കുരുന്നുകളില്‍ നിന്നും ശബ്ദമില്ലാതെ ഓരോന്നായി പറന്നു പോവുന്ന പ്രാണന്റെ പക്ഷികളെഅയാള്‍ മൂകമായി നോക്കി നില്‍ക്കുന്നു. വാര്‍ത്തകളിലെ ഇത്തരം മരണങ്ങളില്‍ ഏറെ അനുഭവിക്കുന്ന ഒരുകഥയായി അതെന്നും തുടര്‍ന്നു പോന്നു
ബഷീറിന്റെ താമസ സ്ഥലത്തെത്തിയപ്പോഴേക്കും ജമാലിന്റെ ഗാഡമായ വിചാരങ്ങളില്‍ നിന്നും മരണങ്ങളെല്ലാംപെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. അവിടെ കളി തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം ഇരമ്പിയാര്‍ത്തു. കുന്നോത്ത് തെരുവിലെ റെഡ് സ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഒരു പകര്‍പ്പ് അവിടെപുനര്നിര്‍മ്മിക്കപ്പെടുകയാണ്. മുരളിയും ബാവയും ചെസ്സില്‍ തല പൂഴ്ത്തിയിരിക്കുന്ന പതിവ് കാഴ്ച. കാരംസില്‍ ഒരു പങ്കാളിയെ കാത്തു ചീട്ടു കളിയില്‍ കമ്പമില്ലാത്ത മുജീബ് ചതുര കോണങ്ങളുടെ ഒരറ്റത്തിരിക്കുന്നു. ബാബുവും മൊയ്തീനുമടങ്ങുന്ന ആറംഗ സംഘം ചീട്ടുകളിയുടെ ലഹരിയിലും അശ്ലീല ഫലിതങ്ങളുടെപൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു. ബഷീര്‍ ഇനിയും ജോലി കഴിഞ്ഞെത്തിയിട്ടില്ല. അടുക്കളയില്‍കയറിയ ഉടന്‍ ഒരു ചായയിടാനുള്ള ഒരുക്കത്തില്‍ ജമാല്‍ മുഴുകി. ഈ പതിവ്ചായ എല്ലാവര്ക്കുംവേണ്ടിയുള്ളതാണ്. ഓര്‍ത്തിരിക്കാതെ ഒരു ചായ മുന്നിലെത്തുമ്പോള്‍ എല്ലാവരും സന്തോഷപൂര്‍വ്വം തന്നെപുകഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കാന്‍ ജമാലിനിഷ്ടമാണ്. കാരണം പ്രവാസത്തിലെ ചായ പലര്‍ക്കും ഒരുകൈപ്പുണ്യമല്ല.
ഏലക്കാ മണമുള്ള ചായ എല്ലാവരിലുമെത്തുന്നത്തിനിടയില് ബഷീര്‍ ടൈയില്‍ നിന്നും കഴുത്തിനെമോചിപ്പിച്ചുകൊണ്ട് അസ്വസ്ഥനായി കടന്നു വന്നു. ഒരു വല്ലായ്മയുടെ ഓളങ്ങള്‍ ആ മുഖത്ത്പ്രതിഫലിക്കുന്നുണ്ടായിരുന്നു.
“ഡേയ്.. ഈ മാന്ദ്യം നമ്മളെ തെണ്ടിക്കുമെന്നാ തോന്നുന്നത്.. ഇങ്ങനെ പോയാല്‍ കെട്ടുകെട്ടെണ്ടിവരും” എല്ലാവരും കേള്‍ക്കെ .മുരളിയോടായി ബഷീര്‍ പറഞ്ഞു.
മുരളി ചെസ്സില്‍ നിന്നും തലയുയര്‍ത്തി ബഷീറിലേക്ക് മെല്ലെ വിടുതലായി.
“നീയറിഞ്ഞോ ..കമ്പനി ആളെ കുറക്കാന്‍ തലയെണ്ണി തുടങ്ങി”. ആയിരം റിയാല്‍ തികച്ചു കിട്ടാത്ത സാദാതൊഴിലാളികളാണ് ആദ്യ ഇരകള്‍ .....
പതിയെ ഓരോ കമ്പനികളിലെയും കേട്ടറിഞ്ഞ ആശങ്കകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.
“അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എണ്‍പത് ലക്ഷം... . ദൌ ജോണ്‍സും നസ്ടാക്കും ഇടിഞ്ഞു. ബേങ്ക് കള്‍പൊളിഞ്ഞു തുടങ്ങി.. സ്റ്റീല്‍ വിലയാണെങ്കില്‍ ഇപ്പൊ പകുതി...”
സഖാവ് ബാലന്‍ ചീട്ടുപെക്ഷിച്ചു പാര്‍ട്ടി സ്റ്റഡിക്ലാസ്സിലെന്ന പോലെ ഗൌരവം പൂണ്ടു.
മാന്ദ്യത്തിന്റെ കാറ്റ് പതുക്കെ പതുക്കെ ചീട്ടുകളി മേശയിലേക്ക് പൂര്‍ണ്ണമായി പടര്‍ന്നു. ചീട്ടുകളെല്ലാം ഒരുവിശ്രമത്തിലെന്നപോലെ കമഴ്ന്നടിച്ചു കിടന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റും ജപ്പാനിലെ നിക്കിയും ലണ്ടനിലെഎഫ് ടി എസ് ഇ യും ഇന്ത്യയിലെ സെന്സെക്സും കടന്ന് ജനറല്‍ മോട്ടോര്‍സ്, വാള്‍മാര്‍ട്ട്, ജോണ്‍സന്‍ ആന്‍ഡ്‌ജോണ്‍സന്‍, വേറിസണ് തുടങ്ങിയ കമ്പനികളിലേക്കും ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ് എന്നീ നഗരസഭകളുടെ ലേഓഫിലെക്കും ചര്‍ച്ചകളായി മാന്ദ്യ കാറ്റിനെ ബാലന്‍ മുന്നോട്ട് നീക്കി.
“ഈ കൊടുങ്കാറ്റില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കുക ചൈനയും ഇന്ത്യയുമാവും.. മുജീബ് ചതുര കോണങ്ങളെഉപേക്ഷിച്ചുകൊണ്ട് പെട്ടെന്ന് പ്രവാചകനായി..”
ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും കാര്യമായി ഒന്നും മനസ്സിലാവാതെ ജമാല്‍ വിഷണനായി എല്ലാം കേട്ടിരുന്നു. ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുവെന്നു മാത്രം അയാള്‍ക്ക് മനസ്സിലായി. ആഴ്ച്ചയറുതിയുടെ ആവേശങ്ങള്‍പിന്നെയും പല വിഷയങ്ങളുമായി നീണ്ടു. എല്ലാം കെട്ടടങ്ങാന്‍ ഇനിയും മണിക്കൂറുകല്‍ ശേഷിക്കുന്നു. ബഷീറിനെതനിച്ചു കണ്ടു കയ്യിലുണ്ടായിരുന്ന കുറച്ചു റിയാലുകള്‍ ആമിനക്കയച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചു യാത്രപറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ തിരിച്ചറിയാനാവാത്ത ഒരസ്വാസ്ഥ്യം മുളപൊട്ടുന്നതായി ജമാലറിഞ്ഞു.
റൂമില്‍ മടങ്ങിയെത്തിയിട്ടും ഒരു വല്ലായ്മ പൊതിഞ്ഞു നിന്നു. അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ആമിനയെ കാണണമെന്ന ചിന്ത പൊടുന്നനെ അയാളെ അലട്ടി. ഇനിയും ആറു മാസങ്ങളുടെ ദൂരം നടന്നു തീര്‍ക്കാന്‍ബാക്കികിടക്കുന്നു. തന്നെപോലൊരു താഴെക്കിട ജോലിക്കാരനെ സംബന്ധിച്ച് പ്രവാസമെന്നത് മരുഭൂമിയിലെ ഒരുതുറന്ന ജയില്‍ വാസം തന്നെയാണ്. ഇളവുകളോ എളുപ്പ വഴികളൊ ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടുന്ന എഴുതപ്പെട്ടകാലാവധി. കുബ്ബൂസ് പോലെ രണ്ടായോ നാലായോ മുറിച്ചെടുക്കാനാവാത്ത ഒരു പരുത്ത നിര്‍വികാരതയാണത് . മറ്റൊന്നുമാലോചിക്കാതെ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു പെട്ടെന്ന് തന്നെ ആമിനയുടെ അടുത്തെത്തി. കടുംച്ചുവപ്പിന്റെ മൈലാഞ്ചിക്കൈവിരല്‍ പ്രേമപൂര്‍വം ഗ്രഹിച്ച് കണ്‍നിറയെ അവളെ കണ്ടു. പിന്നെമുല്ലപ്പൂക്കള്‍ വിതറിയ പട്ടുമെത്തയിലെ ആദ്യരാവിന്റെ ഊഷ്മളതയിലൂടെ പതിയെ നിദ്രയിലേക്ക് യാത്രയായി.. ഉറക്കത്തിലും ജമാല്‍ സ്വപ്നങ്ങളുടെ പുഴകള്‍ ഓരോന്നായി താണ്ടി എന്നും ആമിനയുടെ പറയാത്തമോഹത്തിന്നരികേയെത്തി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനസ്സില്‍ നിറങ്ങള്‍ നല്‍കി പ്രഭാതങ്ങളെതന്റെതെന്ന പോലെ എന്നും സ്വന്തമാക്കുകയും ചെയ്തു.
അന്ന് ... ഹാജര്‍ നല്‍കി ജോലിക്ക് പുറപ്പെടുമ്പോള്‍ പാകിസ്ഥാനിയായ സൂപ്പര്‍വൈസര്‍ ജമാലിനോട്പതിവില്ലാത്തവിധം സൌഹൃദത്തോടെ പെരുമാറി. കുശലാന്വേഷണങ്ങള്‍ ചോദിച്ച ശേഷം കമ്പനിവന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു മുഖവുരയെന്നപോലെ വിവരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍അന്നാദ്യമായി അധികാരത്തിന്റെ ചുവപ്പ് രാശി മാഞ്ഞു പോയതായി ജമാല്‍ കണ്ടു. പിന്നെ അയാള്‍സ്നേഹപൂര്‍വ്വം ജമാലിന്റെ തോളില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു..
“ജമാല്‍ കമ്പനി ഒടുക്കം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്ട്രാക്ട്കള്‍ ഒന്നോരണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമ്പോള്‍ ഞാനും നീയുമെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും.. പടച്ചവന്‍തുണയാവാന്‍ പ്രാര്‍ത്ഥിക്കുക.” എല്ലാം കേട്ട ജമാലിന്റെ അമ്പരപ്പുകളിലേക്ക് അയാളുടെ നിസ്സംഗതയും സങ്കടവുംഒരിറ്റു നനവോടെ വന്നു വീണു. ജമാല്‍ സ്തബ്ധനായി ഒന്നുമുരിയാടാതെ നിന്ന് അയാളുടെ കൈ പിടിച്ചു കുലുക്കുകമാത്രം ചെയ്തു.
ആ രാത്രിയില്‍ പതിവുപോലെ ജമാല്‍ ആമിനയുടെ പുതിയ കത്ത് ഒരാവര്‍ത്തികൂടി വായിച്ച് മറുപടിഎഴുതാനിരുന്നു. പക്ഷെ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കടല്‍ക്കരയില്‍ അനാഥമാക്കപ്പെട്ട് നാലുദിക്കും തുറന്നുവെച്ച ഒരു ജീര്‍ണിച്ച സത്രം പോലെ താന്‍ ശൂന്യമായിരിക്കുന്നുവെന്നു ജമാല്‍ സ്വയമറിഞ്ഞു. സാധാരണഎഴുതാനിരിക്കുമ്പോള്‍ വന്നു നിറയുന്ന തന്നിലെ വികാര വിചാരങ്ങളുടെ ഉറവ ഇന്ന് തന്റെ മുന്നിലെ വെളുത്തകടലാസിലേക്ക് ഒരക്ഷരം പോലും കൊണ്ടു വന്നു വെക്കില്ലെന്നുറപ്പായപ്പോള്‍ ജമാല്‍ എഴുത്തുപേക്ഷിച്ചു മെല്ലെമെത്തയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു ആമിനയെ തേടി. ജലരാശിയിലെന്ന പോലെ ഇളകിയാടുന്ന ഒരുരൂപത്തിനപ്പുറം ആമിന മന:ക്കണ്ണുകളില്‍ തെളിഞ്ഞു വന്നില്ല. ജമാല്‍ പരിഭ്രാന്തനായി മെത്തയില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു. നേരമേറെ ചെന്നിട്ടും ഉണര്‍ച്ചയുടേയോ ഉറക്കത്തിന്റെയോ ഇടയിലേക്ക് ആമിന വന്നതേയില്ല. പകരം നാട്ടുകാരനായ ബഷീര്‍ സ്ഥലകാലം തെറ്റി പെയ്ത അപൂര്‍വമായൊരു പെരുമഴയോടെ ഒരു മരണദൂതനായി ജമാലിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ജമാല്‍ അസമയത്തെ ബഷീറിനെ കണ്ടു പകച്ചു. ബഷീറാകട്ടെ പതിയെ വിങ്ങിപ്പൊട്ടാറായ സങ്കടത്തോടെ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചേതനയറ്റു നീലിച്ചആമിനയെ ഉറക്കം പുരണ്ട ജമാലിന്റെ അര്‍ദ്ധ ബോധത്തിലേക്ക് അനേകം അയുക്തികളുടെ മുഖവുരയില്‍പൊതിഞ്ഞു മെല്ലെ കൊണ്ടുവന്നു കിടത്തി. ജമാല്‍ കണ്ണുകള്‍ കുടഞ്ഞ് തൊണ്ട പൊട്ടുമാറുച്ചത്തില്‍ പടച്ച റബ്ബിനെവിളിച്ചു…പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാതെ നിശ്ചലനായി കട്ടിലിലേക്ക് കൊഴിഞ്ഞു വീണു. ജമാലിനരികെ ഉറക്കച്ചടവോടെ ആളുകള്‍ പെരുകി. അപ്പോഴേക്കും ജമാല്‍ ഇടമുറിയാത്തൊരാവര്‍ത്തനമായി ഒരുകാഴ്ചയിലേക്ക് ചുരുങ്ങിപ്പോയിരുന്നു. വിറകു പുരയും ആമിനയും അവളുടെ കൈത്തണ്ടയിലെ രണ്ടു ചുവന്നപൊട്ടുകളും വളഞ്ഞു പുളഞ്ഞു പോകുന്ന മരണ വേഗവും. ജമാല്‍ തൊട്ടരികെ അതെല്ലാം കനത്തനെഞ്ചിടിപ്പോടെ കണ്ടു നിന്നു.
നിമിഷങ്ങളുടെ വലിഞ്ഞു മുറുകി തെറിച്ചു വീഴുന്ന വൃത്ത ശീലങ്ങളും ആഴ്ച്ചയുടെയോ മാസത്തിന്റെയോഅക്കങ്ങളുടെ കണിശ ദുശാഠ്യവും ജമാലിനെ സ്പര്‍ശിക്കാതെ കടന്നു പോവാന്‍ തുടങ്ങിയത് അനിവാര്യമായിരുന്നഒരു യാത്ര ഉപേക്ഷിച്ചതിനു ശേഷമായിരുന്നു. കണ്ണ് തുറക്കാത്ത.. ചിരിക്കുകയും കരയുകയും ചെയ്യാത്തനിശ്ചെതനയെ പുല്‍കിയ ആമിനയെ ഒരു കാഴ്ചയിലുമിനി പ്രതിഷ്ഠിക്കാന്‍ ജമാല്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍പല രാത്രികളിലും ഉറക്കമിളച്ചിരുന്നു ആമിനയുടെ കത്തുകള്‍ വായിക്കുകയും വീണ്ടും വീണ്ടും മറുപടിഎഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. തന്റെ അയക്കാത്ത കത്തുകള്‍ എവിടെയോ ഒരിടത്തിരുന്ന് ആമിനവായിക്കുന്നുണ്ടെന്നു ജമാല്‍ വിശ്വസിച്ചു.
കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള അറിയിപ്പ് കൈപ്പറ്റിയ ദിവസം ജമാലിന് പഴയ ഉത്സാഹംതിരിച്ചുകിട്ടിയതായി അനുഭവപ്പെട്ടു. മനസ്സില്‍ തികട്ടി വന്ന പൂര്‍ണ വിരാമത്തിലൂടെ ശുചീകരണ വണ്ടിയുടെ ഒരുകോണില്‍ തൂങ്ങി തെരുവിലേക്കുള്ള യാത്രയില്‍ അന്നെന്തുകൊണ്ടോ ജമാല്‍ കാണുന്ന നഗരം പുതിയൊരു ഭാവംകൈവരിച്ചു. വിജനത ഭീതിയുടെ തണുത്തുറയുന്ന ശ്വാസവായു സൃഷ്ടിക്കുന്നതുപോലെ കടന്നു പോകുന്നആള്‍ക്കൂട്ടങ്ങളെല്ലാം പരിഭ്രാന്തിയുടെ തിടുക്കപ്പെട്ട മരണപാച്ചിലായി മാറി. നഗരം മുഴുവന്‍ ചവറുകൂനകളാല്‍മൂടപ്പെട്ടുകണ്ടു. മരണം വലിയ കാഹളം മുഴക്കി കര്‍ണ്ണ കഠോരമായി നടന്നു നീങ്ങുന്നതായി ജമാല്‍ കേട്ടു.
ആദ്യത്തെ തെരുവിലെത്തിയ ജമാല്‍ ശാന്തനായി ഇറങ്ങി ജോലി ആരംഭിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക്പെട്ടിയില്‍ ലോഹച്ഛരടുകള്‍ ശ്രദ്ധയോടെ കൊരുത്ത് തന്റെ വളര്‍ത്തു മൃഗത്തിനു പ്രഭാത ഭക്ഷണം നല്‍കി. ശൂന്യമായ പെട്ടിയില്‍ പിന്നെയും അവശേഷിപ്പുകള്‍ നിറച്ച് ലോഹച്ചരടുകളില്‍ പൂട്ടുമ്പോള്‍ആകാശത്തോളമുയര്ന്നും ഭൂമിയിലേക്ക് തിരിച്ചെത്തിയും വലിയ വൃത്തത്തില്‍ കറങ്ങുന്ന കളിത്തൊട്ടിലുകളെജമാല്‍ ഓര്‍ത്തു. ആളൊഴിഞ്ഞ കൂടുകള്‍ മനസ്സില്‍ കറങ്ങി. അനാഥമായ ഒരു ബാല്യം നേര്‍ത്ത മഞ്ഞുമറ നീക്കിമുന്നില്‍ തെളിഞ്ഞു വന്നു. പിന്നെ തിരശ്ശീലയിലെന്ന പോലെ ജീവിതത്തിന്റെ നെടുകെയും കുറുകെയുമുള്ള ഓരോചിത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവന്റെ നോവുകളുമായി വെറും പാഴ്വസ്തുവായിപ്പോയ ഓരോ ജമാല്‍ മിന്നിമറഞ്ഞു. . ഏറ്റവുമൊടുവില്‍ തന്നെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ചു പോയ പ്രിയപ്പെട്ടവള്‍ ഒരുപാഴ്വസ്തുവിന്റെ ജന്മാവൃതി പൂര്‍ത്തിയാക്കിയതോര്‍ത്തു. ജമാലിന്റെ ഓര്‍മയുടെ നക്ഷത്രങ്ങള്‍ പിന്നെഓരോന്നായി കെട്ടു. ലോഹച്ചരടുകള്‍ വലിഞ്ഞു മുറുകുന്ന യന്ത്രവിലാപം കേള്‍ക്കെ തനിക്ക് മുന്നിലെ പ്ലാസ്റ്റിക്‌തൊട്ടിലില്‍ അവധാനതയോടെ കയറി മാലിന്യങ്ങളില്‍ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു ആമിനയെ നെഞ്ചോട്‌ചേര്‍ത്തു കിടന്നു
welcome .On this blog I publish anything to do with my personal life and stuff that might be of interest to my friends and family.I created this blog to inform my friends and family at home in India while I am abroad. I tell from my everyday life in my blog and my friends who is also in gulf. Thus everybody interested can stay up to date and be a part of our life.If you think something is missing or could be enhanced or corrected, please let me know ullas
മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം
ഇത് എന്‍റെ ജീവിതമാണ് .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം ..
ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ് എഴുതുകയോ ആവാം..
Thursday, 25 March 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment