മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday, 20 March 2010

എന്നു നിന്‍റെ സ്വന്തം

ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്.

കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്.

ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും.അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും മനസ്സിലാകുമായിരിക്കും.

എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ച‌യില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍‌ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു.

സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ച‌രി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍‌ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ?

ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...

എഴുതുവാന്‍ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എനിക്ക് ഇനിയും തിരിച്ച് അങോട്ട് തന്നെ വരണം എന്നുള്ളതുകൊണ്ട്..
നിറുത്തട്ടെ..

എന്നു നിന്‍റെ സ്വന്തം

No comments:

Post a Comment