മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday 15 August 2010

ഫാ. ഓണംകുളത്തിന്റെ കബറിടത്തിലേക്ക്‌ വിശ്വാസികളുടെ പ്രവാഹം

കുറ്റവാളിയായി സമൂഹവും കോടതിയും മുദ്ര കുത്തിയപ്പോഴും ഒടുവില്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ദ്രോഹിച്ചവര്‍ക്കു മാപ്പു കൊ ടുത്ത്‌ സഹനജീവിതത്തിന്റെ മാര്‍ഗത്തിലൂടെ ജീവിതം നയിച്ച ഫാ. ബെനഡിക്‌ടി ന്റെ കബറിടത്തിലേക്ക്‌ ഇപ്പോള്‍ രോഗസൗ ഖ്യം തേടി വിശ്വാസികളുടെ പ്രവാഹം.

``കത്തോലിക്കാസഭ ഫാ. ബെനഡിക്‌ടിനെ വിശുദ്ധനാക്കുവാന്‍ നടപടികള്‍ തുടങ്ങി യോ എന്ന്‌ ഞങ്ങള്‍ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള്‍ സഹനദാസന്‍ ഓ ണംകുളത്തച്ചന്‍ സാധിച്ചുതരുന്നുണ്ട്‌.'' ഫാ. ബെനഡിക്‌ടിന്റെ കബറിടത്തില്‍ എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്‍. ഫാ. ബെനഡിക്‌ടിന്‌ `സഹനദാസന്‍' എന്ന പദവി വിശ്വാസികള്‍ തന്നെ ചാര്‍ത്തി യതാണ്‌.

ബെനഡിക്‌ടച്ചന്റെ കബറിടത്തിങ്കലെത്തുന്ന ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരാണ്‌.
1966 ജൂണ്‍ 16 നാണ്‌ കേരളത്തെ മുഴുവന്‍ ഞെട്ടിക്കുകയും കോളിളക്കം സൃഷ്‌ടിക്കുകയും ചെയ്‌ത മാ ടത്തരുവി മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ ക ണ്ടെത്തുന്നത്‌. കൊളുന്ത്‌ നുള്ളാനെത്തിയ തൊഴിലാ ളി സ്‌ത്രീകളാണ്‌ ആദ്യം മൃതദേഹം കണ്ടെത്തിയത്‌. ബെഡ്‌ഷീറ്റ്‌ ശരീരത്തില്‍ പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകള്‍ ഏറ്റിരുന്നു. ആഭരണ വും പണവും മൃതദേഹത്തില്‍ നിന്ന്‌ ലഭിച്ചതിനാല്‍ മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന്‌ പോലിസ്‌ കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന്‌ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സമീപത്തെ റിസര്‍വ്‌ വനത്തില്‍ സംസ്‌കരിച്ചു.

പത്രവാര്‍ത്തയറിഞ്ഞ്‌ ആലപ്പുഴയില്‍ നി ന്നെത്തി, തെളിവുകള്‍ കണ്ടാണ്‌ മരിച്ചത്‌ മറിയക്കുട്ടിയാണെന്ന്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്‌. ചങ്ങനാശേരിയില്‍ നിന്ന്‌ ആലപ്പുഴയ്‌ക്ക്‌ മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ട്‌ ഉള്ള കുടുംബാംഗമായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭര്‍ത്താവിനു തളര്‍വാ തം പിടിപെട്ടപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച്‌ മക്കളുമായി അമ്മയ്‌ക്കൊപ്പം ആലപ്പുഴയില്‍ താമസം തുടങ്ങി. പിന്നീട്‌ മൂന്നാമത്തെ ഭര്‍ത്താവും മരിച്ചു. ഇളയകുട്ടിയെ സഹോദരിയെ ഏല്‍പിച്ച്‌ വൈകിട്ട്‌ തിരിച്ചെത്തുമെന്ന്‌ പറഞ്ഞിറങ്ങിയ മറിയക്കുട്ടിയെ പിന്നെ ജീവനോടാരും കണ്ടില്ല.

മരിച്ചത്‌ മറിയക്കുട്ടിയാണെന്നുറപ്പു വരുത്തിയതോടെ പോലിസ്‌ സാക്ഷ്യമൊഴികളും സാഹചര്യത്തെളിവുകളും വച്ച്‌ ജൂണ്‍ 24-ന്‌ ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ബെനഡിക്‌ട്‌ ഓണംകുളത്തെ അറസ്റ്റു ചെ യ്യുകയായിരുന്നു. 1962 മുതല്‍ 64 വരെ അദ്ദേ ഹം ആലപ്പുഴ ചക്കരക്കടവ്‌ പള്ളിയില്‍ വി കാരിയായിരുന്നു. ഇവിടെ വച്ചാണ്‌ മറിയക്കുട്ടിയെ പരിചയപ്പെടുന്നത്‌. 1962 ല്‍ ഫാ. ബെനഡിക്‌ട്‌ കൊല നടന്നെന്നു പറയപ്പെടുന്ന മാടത്തരുവിക്കു സമീപമുള്ള കണ്ണംപള്ളി പള്ളിയില്‍ സേവനമനുഷ്‌ഠിച്ചിരുന്നു.

1966 ജൂണ്‍ 24. ചങ്ങനാശേരി അതിരൂപതാ അരമന പ്രസിന്റെ മാനേജരായിരുന്ന ബെനഡിക്‌ട്‌ അച്ചനെ മറിയക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റു ചെയ്‌തുവെന്ന വാര്‍ത്ത നാടിനെ ഇളക്കി.
എല്ലാ പത്രങ്ങളും ബെനഡിക്‌ടച്ചനെ കൊ ലപാതകിയാക്കി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി. സഭയ്‌ക്കെതിരെയും വൈദികര്‍ക്കെതിരെയും നിരന്തര വാര്‍ത്തകളായിരുന്നു പിന്നെ കുറെക്കാലം. ജയിലിലായ അച്ചന്‍ തെറ്റിദ്ധരിക്കപ്പെട്ട തന്റെ മാതാപിതാക്കളെ ഓര്‍ത്ത്‌ കഠിനദുഃഖത്തിലായിരുന്നു.

എങ്കിലും ഇതു ദൈവപരിപാലനയാണെന്ന്‌ അദ്ദേഹം മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. മരിച്ച മറിയക്കുട്ടിയുമായി ബെനഡിക്‌ട്‌ അച്ചന്‌ അവിഹിതബന്ധമുണ്ടായിരുന്നുവെന്നും രണ്ടു വയസുള്ള കുട്ടി അച്ചന്റേതാണെന്നും വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ശല്യമുണ്ടാക്കാതിരിക്കാന്‍ കൊന്നുകളഞ്ഞതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. മറിയക്കുട്ടിയ്‌ക്കെന്നല്ല ഈ ഭൂമുഖത്ത്‌ ഒരു സ്‌ത്രീക്കും തന്നില്‍നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്‌ത്രീയുമായും തനിക്ക്‌ അവിഹിതബന്ധമില്ലെന്നും അതോര്‍ത്തു മാതാപിതാക്കള്‍ വിഷമിക്കരുതെന്നും അച്ചന്‍ വ്യക്തമായി മാതാപിതാക്കള്‍ക്ക്‌ എഴുതിയിരുന്നു.

ജയിലിലായ ബെനഡിക്‌ട്‌ അച്ചന്റെ കേസ്‌ അതിവേഗം വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ ഓരോ ദിവസവും പത്രങ്ങള്‍ക്ക്‌ ആഘോഷമായി. ക്രിസ്‌ത്യാനികള്‍ക്കും വൈദികര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയായി. വൈദികരെ കണ്ടാല്‍ സമൂഹം കൂക്കിവിളിക്കാന്‍ തുടങ്ങി. മന്ദമരുതി മൈനത്തുരുവി മാടത്തുരുവി മറിയക്കുട്ടി ഇതായിരുന്നു നാടെങ്ങും സംസാരവിഷയം. നിറം പിടിപ്പിച്ച കഥകള്‍ എഴുതാന്‍ പത്രങ്ങളും മത്സരിച്ചു. സിനിമകളും ഇതേ പേരില്‍ ജന്മമെടുത്തു.
അതിവേഗ കോടതി വിചാരണ വേഗം പൂര്‍ത്തിയാക്കി. വിധിക്കു ജനം കാതോര്‍ത്തിരുന്നു. കത്തോലിക്കാ വൈദികനെ വധശിക്ഷയ്‌ക്ക്‌ വിധിക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ ശത്രുമാധ്യമങ്ങളും ശത്രുഗണങ്ങളും കാതോര്‍ത്തിരുന്നു. അങ്ങനെ അരുതാത്തതു സംഭവിച്ചു. ആ വാര്‍ത്ത വിശ്വാസികളെ ഞെട്ടിച്ചു. ദൈവദാസന്‍ കാവുകാട്ടു പിതാവിന്‌ ഹൃദയാഘാതം ഉണ്ടായി. ശത്രുക്കള്‍ക്ക്‌ ആഘോഷമായി. 1966 നവംബര്‍ 19 ന്‌ കൊല്ലം സെഷന്‍സ്‌ കോടതി ബെനഡിക്‌ട്‌ അച്ചനെ മരണംവരെ തൂക്കിലിടാന്‍ ശിക്ഷിച്ചു. കത്തോലിക്കാ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതായിരുന്നു വിധി. ജൂണ്‍ 24 ന്‌ അറസ്റ്റു ചെയ്യപ്പെട്ടയാള്‍ നവംബര്‍ 19 ന്‌ മരണശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടു.

കേസിന്‌ അപ്പീല്‍ പോവേണ്ട ഞാന്‍ മരിച്ചുകൊള്ളാം എന്ന്‌ അച്ചന്‍ വീട്ടിലേക്കെഴുതി. സഹനം അദ്ദേഹത്തിന്‌ ആനന്ദമായിി. അച്ചന്‍ തീര്‍ത്തും നിരപരാധിയാണെന്നറിയാമായിരുന്ന വിശ്വാസികള്‍ അച്ചനുവേണ്ടി അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചു. 1967 ഏപ്രില്‍ ഏഴിന്‌ ബെനഡിക്‌ട്‌ അച്ചനെ വെറുതെ വിട്ടുകൊണ്ട്‌ ഹൈക്കോടതി വിധി വന്നു. പോലിസ്‌ അച്ചനെ മനഃപൂര്‍വം പ്രതിയാക്കുകയായിരുന്നു. ഒരു മുതലാളിക്ക്‌ മറിയക്കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. അതിലൊരു കുട്ടിയുണ്ട്‌. ഈ കുട്ടി അച്ചന്റേതാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്‌ത്രീയ പരീക്ഷണത്തില്‍ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ്‌ അച്ചനെ വെറുതെ വിടുവാന്‍ കാരണം.
മുതലാളിയില്‍നിന്ന്‌ മറിയക്കുട്ടിക്ക്‌ വീണ്ടും ഗര്‍ഭമുണ്ടായതോടെ, ഗര്‍ഭഛിദ്രം ചെയ്യാനൊരു ഡോക്‌ടറെ സമീപിച്ചു. ഗര്‍ഭഛിദ്ര ശസ്‌ത്രക്രിയയ്‌ക്കിടെ മറിയക്കുട്ടി മരിച്ചു. പരിഭ്രാന്തരായ മുതലാളിയും ഡോക്‌ടറും മറിയക്കുട്ടിയെ തേയിലക്കാട്ടില്‍ കൊണ്ടിടുകയും കൊലപാതകമാക്കുന്നതിനായി ശരീരത്ത്‌ കുത്തി മുറിവേല്‌പിക്കുകയും ചെയ്‌തു. മറിയക്കുട്ടിയെ മുതലാളി സഹായിച്ചിരുന്നത്‌ അച്ചന്‍ വഴിയാണ്‌. മുതലാളിയും മറിയക്കുട്ടിയുമായുള്ള അവിഹിതബന്ധം അച്ചന്‍ അറിഞ്ഞിരുന്നതുമില്ല. പലപ്പോഴും സഹായം വാങ്ങുവാന്‍ മറിയക്കുട്ടി അച്ചനെ സമീപിച്ചിരുന്നു. ഇതാണ്‌ പോലിസിന്‌ സംശയം സൃഷ്‌ടിച്ചത്‌.

ആലപ്പുഴ ചക്കരക്കടവ്‌ പള്ളിയില്‍ ഗോതമ്പും പാല്‍പ്പൊടിയും സൗജന്യമായി വിതരണം ചെയ്‌തിരുന്നു. പള്ളിയില്‍നിന്നു ലഭിക്കുന്ന ഗോതമ്പും പാല്‍പ്പൊടിയും കൊണ്ടാണ്‌ പല കുടുംബങ്ങളും പുലര്‍ന്നിരുന്നത്‌. അതില്‍ ഒന്നായിരുന്നു മറിയക്കുട്ടിയുടെ കുടുംബവും. ഈ കാലയളവിലാണ്‌ പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളി കത്തോലിക്കാ പള്ളിയില്‍ വികാരിയായിരുന്ന ഫാ. ബെനഡിക്‌ട്‌ ചക്കരക്കുളം പള്ളിയിലേക്കു സ്ഥലം മാറി വന്നത്‌. ഗോതമ്പ്‌, പാല്‍പ്പൊടി വിതരണത്തിന്റെ ചുമതല ബെനഡിക്‌ട്‌ അച്ചനായിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന ഗോതമ്പും പാല്‍പ്പൊടിയും വാങ്ങാന്‍ മറിയക്കുട്ടിയും വരാറുണ്ടായിരുന്നു. തുടര്‍ന്ന്‌ ബെനഡിക്‌ടച്ചന്‍ ചങ്ങനാശേരി അരമന പ്രസിന്റെ മാനേജരായി ചുമതലയേറ്റു.

അച്ചനെ അറസ്റ്റു ചെയ്‌തതുമുതല്‍ കൊടിയ പീഡനമാണേല്‍ക്കേണ്ടി വന്നത്‌. കുറ്റം സമ്മതിക്കുന്നതിനായി കൊടിയ പീഡനം. യേശുവിന്റെ ശരീരവും രക്തവും വാഴ്‌ത്തി നല്‍കുന്ന കൈകള്‍ പോലിസിന്റെ ഷൂസുകള്‍കൊണ്ട്‌ ചവിട്ടിയരച്ചു. ദേഹമാസകലം ലാത്തിയടിയുടെ പാടുകള്‍ ഉണ്ടായിരുന്നു. പോലിസിന്റെ കൊടിയ പീഡനത്തിനിടയില്‍ പലപ്പോഴും അച്ചന്‌ ബോധം മറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവനും ചെയ്‌തെന്നു പറഞ്ഞുപോകുന്ന ഭീകരമായ മൂന്നാംമുറയും പ്രയോഗിക്കപ്പെട്ടു. പോലിസിന്റെ മര്‍ദ്ദനങ്ങള്‍ക്കിടയിലും അച്ചന്‍ എനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞിരുന്നു. അതാണ്‌ മര്‍ദ്ദനം ഇരട്ടിയാക്കിയത്‌. മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും വിരാമമിട്ടുകൊണ്ട്‌ ക്രൂരമായ വിധിപ്രസ്‌താവനയും. അപമാനഭാരത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ബെനഡിക്‌ട്‌ അച്ചനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കൊലയാളിയെന്ന മുദ്ര അച്ചനെ വിട്ടുപിരിഞ്ഞിരുന്നില്ല. നിരപരാധി എന്ന്‌ സ്വന്തം മനഃസാക്ഷി മന്ത്രിക്കുമ്പോഴും കൊലപാതകിയെന്ന്‌ മുദ്രകുത്തപ്പെട്ട ഒരു സമൂഹമധ്യത്തില്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയാണ്‌ അച്ചന്‍ കഴിഞ്ഞത്‌. പക്ഷേ, അച്ചന്‍ പാവങ്ങളെ സ്‌നേഹിച്ചും പീഡിതരെയും നിരാശ്രയരെയും ആശ്വസിപ്പിച്ചും തന്റെ ജീവിതം മുന്നോട്ട്‌ നീക്കി. ഹൃദ്രോഗബാധയെത്തുടര്‍ന്ന്‌ അച്ചന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കരയിലുള്ള വൈദികകേന്ദ്രത്തില്‍ വര്‍ഷങ്ങളോളം വിശ്രമജീവിതത്തിലായിരുന്നു. വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി എഴുപതാം വയസില്‍ മറിയക്കുട്ടിയുടെ യഥാര്‍ത്ഥ ഘാതകനായ ഡോക്‌ടറുടെ മക്കളെത്തി കുറ്റം ഏറ്റുപറഞ്ഞ്‌ മാപ്പിരന്നപ്പോഴും യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട്‌ അവരെ അനുഗ്രഹിക്കുവാനാണ്‌ അച്ചന്‍ ശ്രമിച്ചത്‌. 2000 ജനുവരി 14 ന്‌ ആണ്‌ ഡോക്‌ടറുടെ മക്കള്‍ അച്ചനെ സന്ദര്‍ശിച്ച്‌ കുറ്റം ഏറ്റുപറഞ്ഞത്‌. ഡോക്‌ടറുടെ കുടുംബത്തിന്‌ സംഭവത്തിനുശേഷമുണ്ടായ തിരിച്ചടികളാണ്‌ പിതാവിന്റെ കുറ്റം ഏറ്റുപറയാന്‍ മക്കളെ പ്രേരിപ്പിച്ചത്‌. കെ.കെ. തോമസ്‌, ചെറിയാന്‍ എന്നിവരാണ്‌ അച്ചനെ കാണാന്‍ വന്നത്‌. തുടര്‍ന്ന്‌ ഇവരുടെ സഹോദരിമാരും അച്ചനെ സന്ദര്‍ശിച്ചു. ഡോക്‌ടറും തോട്ടം ഉടമയും മുമ്പേ മരിച്ചിരുന്നു. സത്യം വെളിപ്പെടുത്തിയിട്ടും അച്ചന്‍ ഇതാരോടും പറഞ്ഞില്ല. പിന്നീട്‌ 11 മാസങ്ങള്‍ക്കുശേഷം മാധ്യമങ്ങളിലൂടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌.

തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ മാപ്പിരന്നവരെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിച്ചുവിടുകയാണ്‌ അച്ചന്‍ ചെയ്‌തത്‌. ഇതു കേള്‍ക്കാന്‍ എന്റെ അച്ചായന്‍ ഇല്ലാതെ പോയല്ലോയെന്ന വിഷമം മാത്രം അവരോട്‌ പറഞ്ഞു. 2001 ജനുവരി മൂന്നിന്‌ 71-ാം വയസില്‍ അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

അതിരമ്പുഴ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയോടു ചേര്‍ന്നുള്ള വൈദികരുടെ സെമിത്തേരിയിലാണ്‌ അടക്കം ചെയ്‌തത്‌. സഭ പ്രഖ്യാപിച്ച വൈദികവര്‍ഷാചരണത്തോടനുബന്ധിച്ച്‌ സഹനദാസനെന്ന്‌ വിളിച്ച്‌ അദ്ദേഹത്തിന്റെ കല്ലറ പുതുക്കി പണിയുകയും വിശ്വാസികള്‍ക്ക്‌ പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യമൊരുക്കുകയുമായിരുന്നു. സഹനത്തിന്റെ മഹത്വീകരണത്തിന്റെ നാളുകളാണിത്‌. ബെനഡിക്‌ടച്ചന്റെ കബറിടത്തിലേക്ക്‌ വിശ്വാസികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. നിരവധി രോഗസൗഖ്യങ്ങള്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.

ഗള്‍ഫില്‍ നിന്ന്‌ ഓപ്പറേഷനുവേണ്ടി നാട്ടില്‍ വന്നതിനുശേഷം ബെനഡിക്‌ട്‌ അച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഓപ്പറേഷന്‍ നടത്താതെ രോഗസൗഖ്യം നേടിയതും എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്കിടെ ബ്ലഡ്‌ ക്യാന്‍സര്‍ പിടിപെട്ട്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ ലിജോയെന്ന 15 കാരന്‌ രോഗസൗഖ്യം ലഭിച്ചതും അവയില്‍ ചിലതുമാത്രം. ലിയോയുടെ മുത്തച്ഛന്‍ എം.സി. അലക്‌സാണ്ടര്‍ കബറിടത്തിലെത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ്‌ മൂന്നു മാസത്തിനകം മരിക്കുമെന്ന്‌ വിധിയെഴുതിയ ലിജോ പൂര്‍ണ ആരോഗ്യവാനായി ഇപ്പോള്‍ പത്താംക്ലാസില്‍ വീണ്ടും പഠിക്കുകയാണ്‌. അതിരമ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിടത്തിനു മുന്‍പില്‍ പ്രാര്‍ത്ഥനയുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ വെളിച്ചമായി ഓണംകുളത്തച്ചന്‍ എന്ന സഹനദാസനുണ്ട്‌.

ബെനഡിക്‌ട്‌ അച്ചന്റെ കുടുംബവീട്ടില്‍ അനിയന്‍ ഔസേപ്പച്ചനും ഭാര്യ മേരിക്കുട്ടിയുമാണിപ്പോള്‍ താമസം. ഇവരുടെ നാലുമക്കളില്‍ ഒരാള്‍ കന്യാസ്‌ത്രീയാണ്‌. ആരാധനമഠാംഗമായ സിസ്റ്റര്‍ ടെസി ഓണംകുളം ചങ്ങനാശേരി അസംപ്‌ഷന്‍ കോളജില്‍ സേവനം ചെയ്യുന്നു. ബെനഡിക്‌ട്‌ അച്ചന്റെ മൂത്ത സഹോദരന്‍ പരേതനായ ഫാ. സെബാസ്റ്റ്യന്‍ ഓണംകുളമാണ്‌. രണ്ടു സഹോദരിമാരും ആരാധനാമഠാംഗങ്ങളാണ്‌. സിസ്റ്റര്‍ ഗ്ലോറിയ (മാമ്മൂട്‌), സിസ്റ്റര്‍ അമല (വടവാതൂര്‍).

4 comments:

  1. പുരോഹിതന്മാര്‍ ചെയ്‌താല്‍ അത് വിശുദ്ധവും അല്ലാത്തവര്‍ ചെയ്യുന്നത് അവിശുദ്ധവും എന്ന് പറയുന്നത് ശരിയല്ല. ഉല്ലാസ് താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. സഭ പറയുന്നത് അപ്പാടെ വിശ്വസിക്കാന്‍ കുറച്ചുപേര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവും. ഭൂരിപക്ഷത്തിന്റെ മണ്ടത്തരമാണല്ലോ ജനാധിപത്യം. സഭ എപ്പിസ്കോപ്പല്‍ ആണെങ്കിലും.

    ReplyDelete
  2. ഒരു കേട്ടരിവുമാത്രം വെച്ച് ബ്ലോഗ്ഗിയതിലൂടെയാണ് ഞാന്‍ ഈ പോസ്റ്റില്‍ എത്തപെട്ടത്‌.താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമോ മിഥ്യയോ അറിയില്ല. ഒന്ന് ചോദിച്ചോട്ടെ കാലം തെളിയിച്ച സത്യമാണ് "സിസ്റ്റര്‍ അഭയ കൊലകേസ്". ഈ സംഭവത്തെ പറ്റിയുള്ള താങ്കളുടെ അറിവെന്താനെന്നരിയാന്‍ ആഗ്രഹമുണ്ട്.

    ReplyDelete
  3. Dear Ullas,

    Appreciated your effort to depict Madatharivi case and its facts. It gives clarity about the incidents and the case.

    Regards,

    Murali Krishnan, Qatar

    ReplyDelete
  4. This story is 90% correct. Would you believe Fr. Benedict took the money from a Tea estate owner and channelled to Mariakutty. Not true. Fr. Benedict is not the culprit but he was taking the blame for the Bishop. Tea estate owner was Bishops friend and the Doctor was his friend. But the real culprit is a Bishop. That is why Fr. Benedict is important to other priests who are alive today. Fr. Benedict knew who was behind this crime but he decided not to reveal.

    ReplyDelete