മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday, 1 May 2010

മിസ്സ്‌ കാള്‍ (ulllas)

ഇന്ന് സൗദി ഒരു പൊടിക്കാറ്റൊടെയാണ് ഉണര്‍ന്നത് തന്നെ . നാലുമണിയോടെ തന്നെ സൂര്യന്‍ ഉദിച്ചെന്ന് തോന്നുന്നു . ഒരു മിസ്ട് കാള്‍ കേട്ടു ഉറക്കമുണര്‍ന്നപ്പോള്‍ വാതില്‍ പഴുതിലൂടെ പകല്‍ വെളിച്ചം കടന്നു വരുന്നുണ്ടായിരുന്നു . സമയം നാലുമണി ആയിട്ടെ ഉള്ളു . വെകേഷന് നാട്ടില്‍ പോയ മലപ്പുറംകാരന്‍ ബഷീറിന്റെ കാള്‍ . മൂപ്പര്‍ആറരക്കു മലപ്പുറത്ത്‌ പള്ളിയുണര്‍ന്നു എന്നറിയിക്കാനാവും . സാധാരണ പ്രിയതമയുടെ അഞ്ചരക്കുള്ള മിസ്ട്കാള്‍ കേട്ടാണ് ഉണരാറുള്ളതു .

മിസ്ട് കാള്‍ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു . എന്‍റെ മാത്രമല്ല എല്ലാപ്രവാസികളുടെയും അങ്ങനെ ആണെന്ന് തോന്നുന്നു . ഓരോരുത്തരുടെയും നാട്ടിലുള്ള ഭാര്യമാര്‍ ഉണരുമ്പോള്‍ , ഉണ്ണുമ്പോള്‍ , ഉറങ്ങുമ്പോള്‍ , ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ , കുഞ്ഞുങ്ങള്‍മുലകുടിച്ചുറങ്ങുമ്പോള്‍ , സ്മരണകളുടെ , വികാര തള്ളിച്ചകളുടെ ഒക്കെ മിസ്ട് കാള്‍ വന്നു കൊണ്ടേയിരിക്കും . കൂട്ട് കുടുംബമാണേല്‍ മിസ്ട് കാളിന്റെ എണ്ണം കൂടും . അമ്മായി അമ്മയോ , നാത്തൂനോ ഒക്കെഉടക്കുണ്ടാക്കിയതിന്റെ ബാക്കി പത്രങ്ങള്‍ . മിസ്ട് കാളിന്റെ എണ്ണം ഇങ്ങനെയൊക്കെ അര്‍ഥം വ്യാഖ്യാനിക്കുംഒറ്റ മിസ്ട് കാള്‍ ചുമ്മാ .. ആസ് യൂഷ്വല്‍ ..

രണ്ടെണ്ണം അടുപ്പിച്ചാണേല്‍ വല്ലാത്ത മിസ്സിംഗ് .. ചിലപ്പോള്‍ വികാര പരവശമായ ഒരു ചുംബനം കൂടി അതിന്റെഒപ്പം ഉണ്ടെന്നു കണക്ക് കൂട്ടണം . മൂന്നു മിസ്ട് കാള്‍ ആണെങ്കില്‍ ' എന്നെ തിരിച്ചു വിളിക്കൂ .. ഇപ്പോള്‍ ഇവിടെആരും ഇല്ല .. അമ്മ കുളിക്കുകയോ അല്ലെങ്കില്‍ പുറത്തെവിടെയോ ആണ് ..

അല്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ വന്നു .. ഇനി സൗകര്യമായി സൊളളാം.. ' ഇങ്ങനെയൊക്കെ മനസ്സിലാക്കാം . നാട്ടില്‍ വെകെഷന് പോകുന്നവര്‍ക്കുമുണ്ട് മിസ്ട് കാളുകള്‍ .. നാട്ടില്‍ അവന്‍ ഭാര്യയോടോതുറങ്ങുന്ന സമയംമനസ്സില്‍ കണ്ടു ..ചില മിസ്ട് കാളുകള്‍ .. പ്രവാസി സുഹൃത്തുക്കളുടെ വക .. ഞങള്‍ ഇതൊക്കെ മനസ്സില്‍കാണുന്നുണ്ട് എന്നറിയിക്കാന്‍ എന്ന വണ്ണം . വെകേഷന്‍ കഴിഞ്ഞു തിരിക്കുന്നതിനു മുന്‍പ് അവിടെ നിന്നും മിസ്ട്കാളുകള്‍ ... ഞാന്‍ വരാറായി .. എന്റെ സമയം തീര്‍ന്നു കൊണ്ടിരിക്കുന്നു .. ഞാന്‍ നിങ്ങളെ മറന്നിട്ടില്ല ..

എന്നെല്ലാം നമുക്ക് വ്യാഖ്യാനിക്കാം . എല്ലാവരും ഭാര്യമാരുടെ വിളികള്‍ക്ക് പ്രത്യേക റിംഗ് ടോണുകള്‍ സെറ്റ്ചെയ്തിട്ടുണ്ടാവും . എല്ലാം തന്നെ പ്രണയ ഗാനങ്ങള്‍ . അത് ജാതി, മത, ഭാഷ , സാഹിത്യഅഭിരുചികള്‍ക്കനുസരിച്ചു . 'എന്റെയുള്ളില്‍ നീയാണ് , നെഞ്ചിനുള്ളില്‍ നീയാണ് ' 'മുച്ചേ യാദ് രഹാ നാ ..' 'നീയെന്റെതല്ലേ ... ഞാന്‍ നിയെന്റെതല്ലേ ..' 'അരികേ നീയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ' 'അരികിലില്ലെങ്കിലുംഅറിയുന്നു ഞാന്‍ നിന്റെ കര ലാളനതിന്റെ മധുര സ്പര്‍ശം' മുറിയിലുള്ള ഒരാള്‍ ഫോണ്‍ ചെയ്യുമ്പോള്‍മറ്റുള്ളവര്‍ കഴിവതും ശ്രദ്ധിക്കാതിരിക്കും .മറ്റുള്ളവരുടെ ഫോണ്‍ സംഭാക്ഷണങ്ങള്‍ കാതോര്‍ക്കുന്നത്സ്വകാര്യതയിന്‍മേലുള്ള ഔപചാരികതയില്ലായ്മയാകയാല്‍ ആരും അതിനു കാതോര്‍ക്കാറില്ല .

എങ്കില്‍തന്നെയും ചില വിരഹത്തിന്റെ , ഏകാന്തതയുടെ , ഉത്കണ്ഠകളുടെ തേങ്ങലുകള്‍ നെഞ്ചിനെനോവിച്ചുകൊണ്ട് കാതില്‍ വന്നലക്കാറുണ്ട്. ചിലപ്പോള്‍ , പ്രണയത്തിന്റെ കാതര ശബ്ദങ്ങള്‍, രതിയുടെസീല്‍ക്കാരങ്ങള്‍ , ചുംബനങ്ങളുടെ മര്‍മരങ്ങള്‍ മുറിയിലാകെ കാല്പനീകത നിറക്കുന്നു. കുഞ്ഞുങ്ങളുടെകളികൊഞ്ചലുകള്‍ , പൊട്ടിച്ചിരികള്‍ റൂമില്‍ ഒരു ബാല്യം നിറക്കുന്നു .. 'മോനെ കുട്ടായി ഇത് വാപ്പചിയാടാ .. മോന് സുഖമല്ലേ ' തെല്ലു നേരത്തെ നിശ്ശബ്ദത അവന്‍ ഓര്‍മ്മയില്‍ ബാപ്പയുടെ മുഖം തിരയുകയാവാം.. ഒരു കൊല്ലംമുന്‍പ് വന്നു പോയതല്ലേ ..

അന്നവന് രണ്ടു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ .. പിന്നെ ഓര്‍മ്മയില്‍ നിറമുള്ള ചോക്ലേറ്റുകളും , കളിപ്പാട്ടങ്ങളുംകടന്നു വന്നു കാണണം .. ഒപ്പം ഉമ്മ ഫോട്ടോയില്‍ ചൂണ്ടിക്കാണിച്ചു തരാറുള്ള മുഖവും .. 'ങാ ബാപ്പച്ചി . ബാപ്പച്ചി ഇനി വരുമ്പോ നിക്ക് പച്ച നിറോള്ള ജീപ്പ് കൊണ്ട് വരോ?' നിര്‍ജീവങ്ങളായ കളിപ്പാട്ടങ്ങള്‍ പിതൃസ്‌നേഹത്തിന്റെ ഓര്‍മ്മകളെ സജീവമാക്കുമ്പോള്‍ ഒരു ധന്യത സഹമുറിയന്റെ മുഖത്ത് വിരിഞ്ഞടരുന്നത് കാണാംമറ്റു ചിലപ്പോള്‍ കുടുംബ പ്രശ്‌നങളുടെ സങ്കീര്‍ണ്ണമായ കുരുക്കുകളിഴിക്കാന്‍ കൂലംകഷമായകൂടിയാലോചനകളും , പ്രശ്‌നപരിഹാരങ്ങളും ഫോണ്‍ കാളുകള്‍ക്കൊടുവില്‍ വേണ്ടി വന്നേക്കാം .

പുറത്തു മരുഭൂമിയുടെ വന്യമായ ഗന്ധം പ്രസരിപ്പിക്കുന്ന ഉഷ്ണക്കാറ്റടിക്കുമ്പോള്‍, മുറിക്കകത്ത് പച്ചയായ, യാഥാര്‍ഥ്യങ്ങളുടെ ത്രസിപ്പിക്കുന്ന, ജീവിത ഗന്ധിയായ കാറ്റുറങാന്‍ ശ്രമിക്കുന്നു. സ്വപ്നങ്ങളുടെ , പ്രതീക്ഷകളുടെഒക്കെ കനമുള്ള പുതപ്പിനടിയില്‍ മയങ്ങാന്‍ കൊതിക്കുന്നു . ഇങ്ങനെ എത്രയോ പേര്‍ ഇവിടെ ഇണകളെപ്പിരിഞ്ഞുതനിച്ചു താമസിക്കുന്നു.

ഏകാകികളായ ഈ പുരുഷ ജന്മങ്ങളുടെ , വിരഹവും , രതിയുമാണോ കാറ്റിനെ ഇത്ര കണ്ടു ചൂടുറ്റതാക്കുന്നത് ? ഈന്തപ്പനകളുടെ പെണ്‍ പൂക്കളില്‍ പരാഗണം നടത്താന്‍ പരാഗ രേണുക്കളലിഞ്ഞ ഈ കാറ്റ് അനിവാര്യമാണ്. നിനവില്‍ , നിദ്രയില്‍ , ചിന്തയില്‍, നേരംമ്പോക്കിനായുള്ള നര്‍മ്മ സല്ലാപങ്ങളില്‍, ചില നേരങ്ങളില്‍നിശ്വാസങ്ങളില്‍ പോലും സ്ത്രീകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉന്മത്തമാകുന്ന പൗരുഷം , കാറ്റില്‍ കലര്‍ന്നുപരാഗണത്തെ പരിപോഷിക്കുന്നുണ്ടാകുമോ ? അറിയില്ല .. എന്തായാലും ഒന്നുറപ്പാണ് . വാചാലമായ മൗനംപോലെ , ചില മണി നാദങ്ങളാല്‍ , വശ്യങ്ങളായ വരികളാല്‍ മുഖരിതമാകുന്ന ഈ മിസ്ട് കാളുകള്‍മനസ്സിലുയരുന്ന ഉഷ്ണക്കാറ്റുകളെ ശീതീകരിക്കുന്നു .. അതിന്റെ അനുരണങ്ങള്‍ അങ്ങകലെ മണ്‍സൂണില്‍നനഞ്ഞുറങ്ങുന്ന ഹൃദയങ്ങളില്‍ ഇളം ചൂടു പകരുന്നു .. . ​ .

No comments:

Post a Comment